ബിനോയ് എം. ജെ.

അനന്താനന്ദം ജീവിതത്തിൽ എവിടെയോ കിടപ്പുണ്ട്. അതുറപ്പായ കാര്യമാണ്. മനുഷ്യൻ സദാ അനന്താനന്ദത്തെ തേടുന്നു. അതാകുന്നു ആഗ്രഹങ്ങളുടെ പിറകിലുള്ള മന:ശ്ശാസ്ത്രം. അൽപം പണമോ അധികാരത്തിന്റെ അപ്പക്കഷണമോ അല്ല മനുഷ്യൻ വാസ്തവത്തിൽ അന്വേഷിക്കുന്നത്. ആയിരുന്നുവെങ്കിൽ അവ കിട്ടിക്കഴിയുമ്പോൾ അവൻ സംതൃപ്തനാകവുകയും അന്വേഷണം അവസാനിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നമുക്ക് ചുറ്റും നാമങ്ങനെയല്ല കാണുന്നത്. എന്തൊക്കെതന്നെ കിട്ടിയാലും സംതൃപ്തമാകാത്ത മനുഷ്യമനസ്സ്; ആഗ്രഹങ്ങൾ അതേപടി സഫലമായാലും തൃപ്തിയടയാത്ത മനുഷ്യമനസ്സ്; എത്രതന്നെ ഓടിയാലും തളരാത്ത മനുഷ്യമനസ്സ് ; ഇത് എന്തിലേക്കാണ് വിരൽചൂണ്ടുന്നത്? ലൗകികമായ ഈ ആശകളുടെയും ആഗ്രഹങ്ങളുടെയും പിറകിൽ ആദ്ധ്യാത്മികമായ ഒരാഗ്രഹവും ലക്ഷ്യവും കിടപ്പില്ലേ? അവൻ പ്രത്യക്ഷമായി പരിമിതമായവയെ തേടുന്നുവെങ്കിലും പരോക്ഷമായി അപരിമിതമായവയെ തന്നെയല്ലേ തേടുന്നത്?

മനുഷ്യൻ അനന്താനന്ദത്തെ അന്വേഷിക്കുന്നു. എന്നാൽ അത് എവിടെയാണ് കിടക്കുന്നത് എന്ന് അവനറിഞ്ഞുകൂടാ. ഇപ്പോൾ അവനത് കിട്ടുന്നില്ല എന്ന് സ്പഷ്ടം. അതുകൊണ്ടാണല്ലോ അവനതിനെ അന്വേഷിക്കുന്നത്. ജീവിതസാഹചര്യങ്ങൾ ഒന്ന് മാറിയാൽ, വിവാഹം കഴിച്ചാൽ, പണമുണ്ടായാൽ, അധികാരസ്ഥാനങ്ങളിൽ എത്തിച്ചേർന്നാൽ അത് കിട്ടുമെന്ന് അവൻ പ്രത്യാശിക്കുന്നു. എന്നാൽ അവനത് കിട്ടുന്നുണ്ടോ? ഇല്ല എന്ന് വ്യക്തം. ആശയോടൊപ്പം നിരാശയും സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ പരസ്പരം നിർവീര്യമാക്കുകയും ചെയ്യുന്നു. ഇപ്രകാരം മനുഷ്യൻ ഒരു ദൂഷിതവലയത്തിൽ പെട്ടുപോകുന്നു. കരകയറാനാവുന്നില്ല. നമ്മുടെ ജീവിതം ഒരു പരാജയമായി മാറുന്നു.

സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യൻ അന്വേഷിക്കുകയാണ്. ഭൗതികവും ലൗകികവുമായ പല നേട്ടങ്ങളും അവൻ കൈവരിക്കുന്നുമുണ്ട്. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ, നൂതനമായ സാങ്കേതിക വിദ്യകൾ, ജീവിതക്ലേശങ്ങളെ ലഘൂകരിക്കുവാനും രോഗങ്ങളെ ശമിപ്പിക്കുവാനും ഉള്ള മാർഗ്ഗങ്ങൾ …ഇങ്ങനെ പുരോഗതിയെന്നും വളർച്ചയെന്നും തെറ്റിദ്ധരിക്കപ്പെടുന്ന പല മാറ്റങ്ങളും അവന്റെ ജീവിതത്തിൽ സംഭവിക്കുന്നു. ഇവയൊന്നും പുരോഗതി യല്ല. അതിനാൽ തന്നെ അനന്താനന്ദം ഇന്നും ഒരു മരീചികയായി തുടരുന്നു. ചിലർ മനസ്സു മടുത്ത് ജീവിതവിരക്തിയിലേക്ക് നീങ്ങുന്നു. അന്വേഷിച്ചിട്ടും കണ്ടെത്തുവാനാവാത്ത വിധത്തിൽ അത്രയധികം ദുരൂഹത ഇതിലുണ്ടോ? അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ലെങ്കിൽ അതിന്റെ പിറകിൽ വ്യക്തമായ ചില കാരണങ്ങൾ ഉണ്ടാവുകയില്ലേ? എന്താണ് ഇവിടുത്തെ പ്രശ്നം?എന്താണ് ഇതിന്റെ പരിഹാരം?

പരിമിതമായ ഈ ലോകത്തിൽ അനന്താനന്ദം എങ്ങനെ കിട്ടുവാനാണ്? അനന്താനന്ദത്തെ അവൻ തെറ്റായ സ്ഥലത്ത് അന്വേഷിക്കുന്നു. ബാഹ്യലോകം പരിമിതമാകുമ്പോൾ ആന്തരികലോകം അപരിമിതമാണ്. ബാഹ്യലോകം ഒരു മിഥ്യയാണെങ്കിൽ ആന്തരിക ലോകത്തിൽ നിത്യസത്യമായ ഈശ്വരൻ വസിക്കുന്നു. അതിനാൽ തന്നെ അനന്താനന്ദം വേണമെങ്കിൽ അതിനെ നിങ്ങളുടെ ആന്തരിക ലോകത്തുതന്നെ അന്വേഷിക്കുവിൻ. അനന്താനന്ദത്തെ അനന്തസത്തയിൽ തിരയുവിൻ. തന്റെ ഉള്ളിൽ നിന്നും വരുന്ന സുഗന്ധത്തെ കസ്തൂരിമാൻ പുറത്ത് തിരയുന്നതുപോലെ മനുഷ്യനും തന്റെ ഉള്ളിൽ നിന്നും വരുന്ന(അനന്ത) ആനന്ദത്തെ ബാഹ്യലോകത്ത് അന്വേഷിക്കുന്നു. ഇതൊരു മഠയത്തരവും പാഴ് വേലയുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിങ്ങളുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നുണ്ടെങ്കിൽ ആ വസ്തുതയെ അംഗീകരിക്കുവിൻ. ആ ഈശ്വരനെ ഉണർത്തുവാൻ ശ്രമിക്കുവിൻ. “അഹം ബ്രഹ്മാസമി” എന്ന് ആവർത്തിച്ചാവർത്തിച്ച് ഉരുവിടുവിൻ. സ്വയം ഒരു വ്യക്തിയാണെന്ന ചിന്തതന്നെ തിരോഭവിക്കട്ടെ. അപ്പോൾ നിങ്ങളുടെ ഉള്ളിലെ ഈശ്വരൻ ഉണർന്ന് തുടങ്ങും. ഈശ്വരൻ ഉണർന്ന് തുടങ്ങുന്നതോടൊപ്പം അനന്താനന്ദവും ഉണർന്ന് തുടങ്ങുന്നു. ഇപ്രകാരം സ്വയം ബ്രഹ്മമായി മാറുന്ന നിങ്ങൾക്ക് പിന്നീട് ആഗ്രഹങ്ങൾ ഉണ്ടാവുകയില്ല.

ഈ ലോകത്തിൽ അനന്താനന്ദം തിരയുന്നതിനെ ലൗകികത എന്ന് വിളിക്കുന്നു. അവിടെ നിങ്ങളുടെ അന്വേഷണം വഴിപിഴച്ച് പോയിരിക്കുന്നു. നിങ്ങൾ മായയുടെ സ്വാധീനത്തിൽ പെട്ടുപോയിരിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120