ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, രൂപത ഫിനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ ശുശ്രുഷ ചെയ്തുവരികയായിരുന്ന റവ. ഡോ. മാത്യു ചൂരപൊയ്കയ്ക്ക് ഇന്നലെ കത്തീഡ്രല്‍ ദേവാലയത്തില്‍ യാത്രയയപ്പു നല്‍കി. രാവിലെ പതിനൊന്നു മണിക്ക് നടന്ന വി. കുര്‍ബാനയില്‍ ഫാ. മാത്യു ചൂരപൊയ്കയില്‍ കാര്‍മ്മികത്വം വഹിച്ചു. തുര്‍ടര്‍ന്നു നടന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശ്വാസിസമൂഹത്തിന്റെ ഉപഹാരവും ഫാ. മാത്യു ചൂരപൊയ്കയ്ക്കു കൈമാറി.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഫാ. മാത്യു ചൂരപ്പൊയ്കയുടെ സേവനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു. രൂപതാസ്ഥാപനനത്തിലും രൂപതയുടെ ആരംഭ ദിശയിലുള്ള വളര്‍ച്ചയിലും ചൂരപ്പൊയ്കയിലച്ചന്റെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപതാപ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ ശക്തമായ അടിത്തറ ഇടുന്നതിലും രൂപതയുടെ പ്രധാനപ്പെട്ട പല ശുശ്രുഷകള്‍ ഏറ്റെടുക്കുന്നതിലും രൂപതയെ വളര്‍ത്തുന്നതിലും ചൂരപൊയ്കയിലച്ചന്റെ സാന്നിധ്യം നിര്‍ണ്ണായകമായിരുന്നെന്നും മാര്‍ സ്രാമ്പിക്കല്‍ അനുസ്മരിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും കേരളത്തിലുള്ള മറ്റേതെങ്കിലും രൂപതകളില്‍ നിന്നോ സന്യാസ സഭകളില്‍ നിന്നോ വന്നവരാണെന്നും ഈ വൈദികരുടെ നിയമന കാര്യങ്ങളില്‍ ഇപ്പോഴും അതാത് രൂപതാധ്യക്ഷന്മാരോ സന്യാസ സഭകളുടെ സുപ്പീരിയര്‍മാരോ ആണോ തീരുമാനമെടുക്കുന്നതിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ബഹു. ചൂരപ്പൊയ്കയിലച്ചന്റെ സ്ഥലം മാറ്റത്തിലും അദ്ദേഹത്തിന്റെ രൂപതാധ്യക്ഷന്റെ തീരുമാനമാണ് നടപ്പായിരിക്കുന്നതെന്നു മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

പുതിയ ശുശ്രുഷാ മേഖലയില്‍ എല്ലാ ദൈവാനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നേരുന്നതായി, ആശംസകളര്‍പ്പിച്ചു സംസാരിച്ച രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ജോബി ജേക്കബ്, ജെഫ്രിന്‍ സാജു, ജോഷ്വാ ജോജി, അലീന റെജി, മി. സോജി എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍ മറുപടി പ്രസംഗം നടത്തി. പുതിയ ശുശ്രുഷ രംഗമായ ലങ്കാസ്റ്റര്‍ രൂപതയില്‍ സേവനം ചെയ്യുമ്പോഴും സീറോ മലബാര്‍ വി. കുര്‍ബായ്ക്കും മറ്റു ശുശ്രുഷകള്‍ക്കും ഫാ. ചൂരപ്പൊയ്കയിലിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമായിരിക്കും.