ബിനോയ് എം. ജെ.

മനുഷ്യജീവിതത്തെ അവമതിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകമേതാണ്? ദുഃഖം! ദുഃഖത്തിനു കാരണം പ്രശ്നങ്ങളാകുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കുക അസാധ്യം എന്ന് നിങ്ങൾ വാദിച്ചേക്കാം. എന്നാൽ ഒരു പ്രശ്നം പ്രശ്നമാകുന്നത് അതിനെ നമ്മൾ പരിഗണിക്കുമ്പോൾ മാത്രമാണ്. അതിനെ ഗൗനിക്കാതെയിരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുമ്പോൾ അത് നമ്മെ ബാധിക്കുന്നില്ല. ജീവിതത്തിൽ ഉടനീളം പ്രശ്നങ്ങൾ സംഭവിച്ചുകൊള്ളട്ടെ. എന്നാൽ അവ നമ്മെ സ്പർശിക്കാതെയിരിക്കട്ടെ. അപ്പോൾ തടിക്ക് കേടുകൂടാതെ നമുക്കീ സംസാരസാഗരം താണ്ടുവാൻ സാധിക്കും.

ദുഃഖം പ്രശ്നങ്ങളുടെ പരിണതഫലമാണ്. എന്നാൽ ഓരോ തവണയും ദുഃഖം സംഭവിക്കുമ്പോൾ നിങ്ങൾ മനസ്സിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവിൻ. അവിടെ വലിയ ഒരു സംഘർഷം അരങ്ങേറുന്നതായി കാണുവാൻ കഴിയും. ഒരു വശത്തു കൂടി മനസ്സ് ദു:ഖിക്കുന്നു. അതേസമയം, അരുത്! അരുത്! എന്ന് ശക്തമായ ഒരു താക്കീത് ഉള്ളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നു . ഈ താക്കീത് ആത്മാവിൽ നിന്നുമാണ് വരുന്നത്. നീ അശോകനും അനന്താനന്ദവുമായ ആത്മാവാകുന്നു. നീ ഒരിക്കലും ദുഃഖിക്കുവാൻ പാടില്ല. ആത്മാവിന്റെ കഠിനശാസനയാകുന്നു അത്. അതിന് നാം ചെവി കൊടുത്താൽ ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും പമ്പ കടക്കും. എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. അത് ദുഃഖിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായ ആ ആശയക്കുഴപ്പവും ആന്തരിക സംഘർഷവും മനുഷ്യജീവിതത്തിൽ സംഭവിക്കുന്നു. അത് മനുഷ്യജീവിതത്തെ വിഴുങ്ങുന്നു.

എന്തുകൊണ്ട് മനസ്സ് ആത്മാവിന്റെ ശാസനയെ അവഗണിക്കുന്നു? എന്തുകൊണ്ട് അത് ദുഃഖിക്കുന്നു? കാരണം മനസ്സിന്റെ അസ്ഥിത്വവും അതിന്റെ നിലനിൽപും ദുഃഖത്തിലാണ് കിടക്കുന്നത്. മനസ്സ് തന്നെ ‘ആശയക്കുഴപ്പം’ ആകുന്നു. ദുഃഖം അതിന്റെ പ്രകൃതമാണ്. അത് പ്രശ്നങ്ങളെ സദാ പരിഗണിക്കുന്നു. മനസ്സിന്റെ ജോലി അതല്ലാതെ മറ്റെന്താണ്? അതിൽനിന്ന് വിരമിച്ചാൽ പിന്നെ മനസ്സിന് നിലനിൽപ്പില്ല. മനസ്സിന് പ്രധാനം സ്വന്തം നിലനിൽപാണ്. അത് പ്രശ്നങ്ങളെ സദാ താലോലിക്കുന്നു. ഈ മനസ്സാകുന്നു മനുഷ്യന്റെ ശാപം. അതുകൊണ്ടാണ് മനസ്സ് തകർക്കപ്പെടണം അല്ലെങ്കിൽ തിരോഭവിക്കണം എന്ന് ദാർശനികന്മാർ വാദിക്കുന്നത്.

ഇപ്രകാരം പ്രശ്നങ്ങളെ പരിഗണിക്കണമോ വേണ്ടായോ എന്ന ആശയക്കുഴപ്പം മനുഷ്യജീവിതത്തെ ആകമാനം ബാധിക്കുന്നു. അതിൽനിന്നും കരകയറുവാനുള്ള മാർഗ്ഗം പ്രശ്നങ്ങളെ തള്ളിക്കളയുക എന്നതാകുന്നു. വാസ്തവത്തിൽ നമുക്ക് പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ട ആവശ്യമില്ല.ഈശ്വരന് പ്രശ്നങ്ങൾ ഉണ്ടാവുകയോ? അസാധ്യം! പിന്നെ നമുക്ക് എന്തുകൊണ്ട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നു? മനസ്സ് തന്നെ പ്രശ്നങ്ങളുടെ ഉറവിടം. മനസ്സ് മായയാകുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും മായയാകുന്നു. നാമീ മായാബന്ധനത്തിൽ പെട്ടുപോകുന്നു. നാം ആശയക്കുഴപ്പത്തിൽ വീണു പോകുന്നു. കരകയറുവാൻ നമുക്കാവുന്നില്ല. ഇത്തരം ദൗർബല്യങ്ങളെയെല്ലാം ദൂരെയെറിയുവിൻ! യുക്തിയുക്തം ആലോചിച്ചു നോക്കുവിൻ. പ്രശ്നങ്ങളെ താലോലിക്കുന്നത് ഒരുതരം മൂഢതയല്ലേ? അങ്ങനെ ചെയ്യുമ്പോൾ ഉള്ളിലുള്ള ആത്മാവ് വേദനിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമ്മുടെ മനോഭാവത്തിൽ ആണ് തെറ്റ് പറ്റിയിരിക്കുന്നത്. ഒരു പ്രശ്നം മാറുമ്പോൾ അടുത്തത് വരുന്നു. എന്തുകൊണ്ടെന്നാൽ പ്രശ്നങ്ങളുടെ കാരണം മാറിയിട്ടില്ല. പ്രശ്നങ്ങളോടുള്ള ആഭിമുഖ്യമാകുന്നു അതിന്റെ കാരണം. ഇല്ലാത്ത പ്രശ്നങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നു. അവയൊന്നും തന്നെ യഥാർത്ഥമല്ല. പറ്റിപ്പോയ മൂഢതയെ തിരുത്തുവാൻ നമുക്കാവുന്നില്ല. നാം മായാബന്ധനത്തിൽ പെട്ടുപോകുന്നു.

പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയാൽ അവ തിരോഭവിച്ചുകൊള്ളും. പരമമായ ശാന്തി അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. ഇല്ലാത്ത പ്രശ്നങ്ങളുടെ പിറകെ ഓടിയോടി നമ്മുടെ സമയവും ആയുസ്സും പാഴായിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ കർമ്മം നിഷ്കാമമായിരിക്കട്ടെ. നിങ്ങൾ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് കേവലം ആനന്ദത്തിനുവേണ്ടി ആയിരിക്കട്ടെ. പ്രശ്നപരിഹാരത്തിനുവേണ്ടി ആവാതിരിക്കട്ടെ. പ്രശ്നങ്ങൾ മിഥ്യയാണെങ്കിൽ അവയുടെ പരിഹാരവും മിഥ്യ തന്നെയായിരിക്കും. പരിഹാരം വേണ്ടാത്തിടത്ത് പ്രശ്നങ്ങളും വേണ്ടാ. പരിഹാരങ്ങൾ ഉപയോഗശൂന്യങ്ങളാണ്. അവ പ്രശ്നങ്ങളെ തത്കാലത്തേക്ക് ഒന്ന് മാറ്റിയേക്കാം. പക്ഷേ അവ വീണ്ടും വരും, പുതിയ രൂപഭാവങ്ങളിലൂടെ. നാം പരിഹാരം ആഗ്രഹിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങളെ സ്വീകരിക്കുന്നത്. ഒന്നിനെ തള്ളിക്കളഞ്ഞാൽ മറ്റതും തിരോഭവിക്കും. അവ ദ്വൈതങ്ങളാണ്. പ്രശ്നങ്ങളെ നിഷേധിക്കുവാൻ പഠിച്ചവൻ പരമാനന്ദത്തിലേക്കു പ്രവേശിക്കുവാനുള്ള വാതിലിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു.

ജനിച്ച നാൾ മുതൽ നാം പ്രശ്നങ്ങളെ പരിഹരിച്ചു വരുന്നു. ഇപ്പോഴും നാമതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ പ്രശ്നങ്ങൾ മാറുന്നുണ്ടോ? അവ വീണ്ടും വരും. ആ സമയത്ത് നാം പ്രശ്നങ്ങളെ നിഷേധിച്ചു തുടങ്ങിയിരുന്നുവെങ്കിൽ ഇതിനോടകം തന്നെ നാം പരമാനന്ദത്തിൽ എത്തുമായിരുന്നു. നമുക്ക് വേണ്ടത് പ്രശ്നങ്ങൾക്കെല്ലാമുള്ള ശാശ്വതമായ പരിഹാരമാണ്. അതാകട്ടെ അവയെ തള്ളിക്കളയുക മാത്രവുമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120