ബിനോയ് എം. ജെ.
മനുഷ്യൻ അനന്താനന്ദം അന്വേഷിക്കുന്നു. എന്നാൽ അവനത് കണ്ടെത്തുന്നില്ല. അടുത്ത നിമിഷം താനത് കണ്ടെത്തുമെന്ന് അവൻ പ്രതീക്ഷിക്കുന്നു. എന്നാൽ അവനത് കൈമോശം വന്നു പോകുന്നു. ജീവിതകാലം മുഴുവൻ നാമത് അന്വേഷിക്കുന്നു. എന്നാൽ അത് സദാ നമ്മുടെ കൈയ്യിൽ നിന്നും വഴുതി പോകുന്നു. എവിടെയാണ് അനന്താനന്ദം കിടക്കുന്നത്? അതിനെ എങ്ങനെ കണ്ടെത്താം?
അനന്താനന്ദം നിത്യതയിലാണ് കിടക്കുന്നത് എന്ന് സാമാന്യമായി പറയാം. എന്നാൽ നിത്യത എവിടെയാണ് കിടക്കുന്നത്? അത് ഭാവിയിൽ ആണെന്ന് നാം കരുതുന്നു. അനന്തമായി നീളുന്ന സമയത്തിൽ നിത്യത കിടപ്പുണ്ടെന്ന് നാം തെറ്റിദ്ധരിക്കുന്നു. അതിനാൽ തന്നെ നാം നിത്യതയെ സമയത്തിൽ അന്വേഷിക്കുന്നു. എന്നാൽ സമയം പരിമിതമായ ഒരു സത്തയാണെന്ന്. നിങ്ങൾ എത്ര നാൾ ജീവിക്കും? ഈ പ്രപഞ്ചത്തിന്റെ ആയുസ്സെത്ര? എല്ലാം പരിമിതമാണ്. അവ സമയബദ്ധങ്ങളും അനിത്യങ്ങളും ആണ്.
എന്നാൽ നമ്മുടെ ജീവിതത്തിൽ നിത്യത കിടപ്പുണ്ട്. അതിനെ നാം തിരിച്ചറിഞ്ഞിട്ടില്ലെന്ന് മാത്രം. അത് വർത്തമാനത്തിൽ ആണ്; അത് ഇപ്പോൾ, ഈ നിമിഷത്തിൽ ആണുള്ളത്. അതിനുവേണ്ടി നാം കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ കാലങ്ങളെക്കുറിച്ചും വരാൻ പോകുന്ന കാലങ്ങളെക്കുറിച്ചും സദാ ചിന്തിക്കുന്ന നാം വർത്തമാനത്തെയും നിത്യതയെയും മറക്കുകയും നഷ്ടപ്പെടുത്തി കളയുകയും ചെയ്യുന്നു. നിത്യത സമയത്തിൽ ആണെന്ന മൂഢമായ ചിന്ത നമ്മെ ഭരിക്കുന്നു. അതിനാൽ തന്നെ നാം സമയത്തിലും സങ്കൽപത്തിലും ജീവിക്കുന്നു. ഈശ്വരൻ ഒരിക്കലും ഒരു സങ്കൽപമല്ല. അതാകുന്നു പരമമായ യാഥാർത്ഥ്യം. ഈശ്വരൻ വർത്തമാനത്തിൽ കുടികൊള്ളുന്നു. അനന്താനന്ദവും അവിടെ തന്നെ കുടികൊള്ളുന്നു.
നമ്മുടെ ജീവിതത്തിലെ അത്യധികം സന്തോഷകരങ്ങളായ അനുഭവങ്ങൾ പരിശോധിച്ചാൽ ആ സമയം നാം വർത്തമാനത്തിൽ ആയിരുന്നു എന്ന് കാണുവാൻ കഴിയും. ഒരു സമ്മാനമോ, ബഹുമതിയോ, ട്രോഫിയോ നേടുമ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്ക് വരുന്നു. അതുകൊണ്ട് – അതുകൊണ്ട് മാത്രമാണ് – നാമപ്പോൾ സന്തോഷിക്കുന്നത്. അതുപോലെ ദുഃഖിക്കുന്ന അവസരങ്ങളിലും നമ്മുടെ മനസ്സിലേക്ക് നോക്കുവിൻ. അത് ഭൂതത്തിലോ ഭാവിയിലോ ആയിരിക്കും. ആഗ്രഹങ്ങൾ എല്ലാം ഭാവിയിൽ ആണ് കിടക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹമാണ് എല്ലാ ദുഃഖങ്ങളുടെയും കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞു വക്കുന്നു.
അതിനാൽ നമുക്ക് വർത്തമാനത്തിൽ- ഈ നിമിഷത്തിൽ- ജീവിക്കുവാൻ പഠിക്കാം. ജീവിതത്തെ ഒന്നാസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ നാമറിയാതെതന്നെ നമ്മുടെ മനസ്സ് വർത്തമാനത്തിലേക്കും യാഥാർഥ്യത്തിലേക്കും വരുന്നു. വർത്തമാനത്തെ മാത്രമേ നമുക്ക് ആസ്വദിക്കുവാർ കഴിയൂ. സന്തോഷം വേണമെന്നുള്ളവർ വർത്തമാനത്തിൽ ജീവിക്കുവിൻ. “മനസ്സിൽ ചക്ക മധുരിക്കില്ലെന്ന്” പഴമൊഴി. വർത്തമാനം അത്രമേൽ ആസ്വാദ്യകരമാണ്. പിന്നെന്തിന് ഭാവിയെകുറിച്ച് ചിന്തിക്കണം? ഈ നിമിഷം കഴിയുമ്പോൾ അടുത്ത നിമിഷം താനേ വരുന്നു. അതിനുശേഷം അതിന്റെയടുത്ത നിമിഷവും…ഇതനന്തമായി നീളുന്നു. അതുകൊണ്ടാണ് വർത്തമാനം അനന്തമാണെന്ന് ഞാൻ പറഞ്ഞത്.
നിങ്ങൾ ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. നിങ്ങളുടെ ഇപ്പോഴത്തെ ജോലി, കുടുംബസാഹചര്യങ്ങൾ, സാമ്പത്തികമായ ചുറ്റുപാടുകൾ, സൗഹൃദങ്ങൾ- എല്ലാറ്റിനെയും ആസ്വദിക്കുവിൻ! അവയെ സർവ്വാത്മനാ സ്വീകരിക്കുവിൻ. അവയെക്കാൾ മെച്ചപ്പെട്ട ഒന്നിനെ നിങ്ങൾക്ക് കിട്ടുവാൻ പോകുന്നില്ല. കാരണം എല്ലാ ജീവിതസാഹചര്യങ്ങളും ഒരുപോലെ നല്ലതാണ്. ഇപ്പോഴത്തേക്കാളും മെച്ചപ്പെട്ട ഒന്നിനെ തേടുന്ന പ്രക്രിയ – ആഗ്രഹം – അതാകുന്നു മനുഷ്യന്റെ ശാപം. ഇതവനെ വർത്തമാനത്തിൽ ജീവിക്കുന്നതിനെ തടയുന്നു. ഇപ്പോൾ എനിക്ക് എന്തു കിട്ടുന്നുവോ അതാവുന്നു ഏറ്റവും നല്ലത്. കാരണം അതാകുന്നു യാഥാർഥ്യം. മറ്റുള്ളവയെല്ലാം മിഥ്യയാകുന്നു. ഇപ്പോൾ നമുക്ക് സാധ്യമായവയൊക്കെ ചെയ്യാം. അവയെ ആസ്വദിക്കാം. അസാധ്യമായവയെ വിട്ടുകളയാം. വരും കാലങ്ങളിൽ അസാധ്യമായവ സാധ്യമാവും. എന്നാൽ നമ്മുടെ ശ്രദ്ധ ഇപ്പോഴത്തെ സാധ്യമായവയിലായിരിക്കണം. അതിനെ മറന്നിട്ട് വരും കാലങ്ങളിലെ അസാധ്യമായവയിൽ ശ്രദ്ധിച്ചാൽ രണ്ടും നമുക്ക് നഷ്ടപ്പെടും.
നല്ല നാളെ ഉണ്ടാകണമെങ്കിൽ നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നല്ല ഇന്നലെകൾ ഉണ്ടാവണമെങ്കിലും നല്ല ഇന്നുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. വർത്തമാനമാകുന്നു ഭാവിയുടെയും ഭൂതത്തിന്റെയും അടിത്തറയും കാരണവും. മനുഷ്യന്റെ മനസ്സ് വർത്തമാനത്തിൽ നിന്നും തെറിക്കുന്നത്, വർത്തമാനം ചീത്തയായതുകൊണ്ടല്ല. അതൊരു ദുശ്ശീലം മാത്രം. യാഥാർത്ഥ്യത്തിൽ അഥവാ വർത്തമാനത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. പ്രശ്നങ്ങൾ മുഴുവൻ സാങ്കല്പികമാണ്. നാം സങ്കൽപത്തിൽ ജീവിച്ച് ശീലിച്ചുപോയി. ആ ശീലത്തെ തിരുത്തേണ്ടിയിരിക്കുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply