ബിനോയ് എം. ജെ.

ജീവിതവും മരണവും, പ്രശ്നവും പരിഹാരവും, സുഖവും ദുഃഖവും ഇപ്രകാരം മനുഷ്യജീവിതം സദാ ദ്വൈതമായി കാണപ്പെടുന്നു. എന്നുമാത്രമല്ല ഒന്ന് മറ്റൊന്നിന് കാരണമായി ഭവിക്കുകയും ചെയ്യുന്നു. ജീവിതം മരണത്തിനു മരണം ജീവിതത്തിനും കാരണമാകുന്നു. പ്രശ്നം പരിഹാരത്തിനും പരിഹാരം വീണ്ടും പ്രശ്നത്തിനും കാരണമാകുന്നു. സുഖം ദുഃഖത്തിനും ദുഃഖം സുഖത്തിനും കാരണമാകുന്നു. ഇപ്രകാരം മനുഷ്യജീവിതം സദാ സംഘർഷഭരിതമാണ്. ഇതിൽ നിന്ന് കരകയറുവാൻ മനുഷ്യന് ആകുന്നില്ല. അവൻ സദാ ആശയക്കുഴപ്പത്തിലാണ്. മനുഷ്യവംശം ഉത്ഭവിച്ചിട്ട് സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാൻ അവന് കഴിയാതെ പോയി. ജീവിത ദുഃഖങ്ങളും മരണവും

അവനെ സദാ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇതിനുള്ള ഉത്തരം ഏറെക്കുറെ അസാധ്യം എന്ന് വിധിഎഴുതി കഴിഞ്ഞിരിക്കുന്നു. സഹനം മാത്രമാണ് അവന്റെ കയ്യിലുള്ള ഏക പരിഹാരം. മനുഷ്യജീവിതം പക്ഷാഘാതം പിടിപെട്ടതുപോലെ ആയിരിക്കുന്നു. അവന് സുഖം മാത്രം മതി ദുഃഖം വേണ്ട ജീവിതം മാത്രം മതി മരണം വേണ്ട. എന്നാൽ ജീവിതവും മരണവും, സുഖവും ദുഃഖവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾ പോലെ കൂടിച്ചേർന്നിരിക്കുന്നു. ഒന്നുള്ളിടത്ത് മറ്റതും ഉണ്ട്. അതിനാൽ തന്നെ അതിന്റെ പരിഹാരവും അവിടെത്തന്നെ കിടക്കുന്നു. സുഖത്തെയും ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. ജീവിതത്തെയും മരണത്തെയും ഒരുപോലെ സ്വീകരിച്ചു കൊള്ളുക. അവയെ എല്ലാം വേണ്ടവണ്ണം ആസ്വദിച്ചു കൊള്ളുക.

അനന്തമായ ആസ്വാദനം- ഇതാകുന്നു പ്രശ്നത്തിനുള്ള പരിഹാരം. അങ്ങനെ ചെയ്യുമ്പോൾ ദ്വൈതത്തിന് പുറകിലുള്ള അദ്വൈതം പ്രകാശിക്കുന്നു. നിങ്ങൾക്ക് ജീവിതവും മരണവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ അവ തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണുള്ളത്? സുഖവും ദുഃഖവും ഒരുപോലെ ആസ്വാദ്യകരമാണെങ്കിൽ പിന്നെ അവയ്ക്ക് തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? മരണത്തിൽ ജീവിതത്തിനുള്ള അനന്തമായ സാധ്യത ഉറങ്ങിക്കിടക്കുന്നു. നിങ്ങൾക്ക് മരണത്തെ അനന്തമായി ആസ്വദിക്കുവാനുള്ള കഴിവുണ്ടെങ്കിൽ നിങ്ങടെ ജീവിതവും അനന്തതയിലേക്കുയരുന്നു. അവിടെ നിങ്ങൾ സമാധിയിൽ ലയിക്കുന്നു. ജീവിതത്തിന് പിറകെ ഓടുവാൻ ആരും

ആരെയും പഠിപ്പിക്കേണ്ടതില്ല. എന്നാൽ മരണത്തിന് പിറകെ ഓടുവാനുള്ള കഴിവ് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മരണം ചീത്തയാണെന്നും അതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും നാം ചെറുപ്പം മുതലേ പഠിച്ചു വരുന്നു. മരണം പരിഹാരമില്ലാത്ത ഒരു പ്രശ്നമാണെന്നും നാം പഠിച്ചു വച്ചിരിക്കുന്നു. മരണത്തിനോടും ജീവിതയാഥാർത്ഥ്യങ്ങളോടുമുള്ള തെറ്റായ ഈ സമീപനമാണ് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം. മനോ സംഘർഷങ്ങൾ ഇപ്രകാരം രൂപം കൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരണം അത്യന്തം മനോഹരമാണെന്ന് പറഞ്ഞുകൊണ്ട് അതിനെ കുറേശ്ശെ കുറേശ്ശെ ആസ്വദിക്കുവാൻ പരിശ്രമിക്കുവിൻ. ഇതിൽ നിങ്ങൾ വിജയം കണ്ടു തുടങ്ങുമ്പോൾ നിങ്ങൾ സമാധിയോട് അടുക്കുന്നു. ഇപ്രകാരം ജീവിതത്തോടുള്ള ആസക്തി കുറയുകയും മരണത്തോടുള്ള ആസക്തി കൂടുകയും ചെയ്യുമ്പോൾ ഈ കാണുന്ന ജീവിതവും ഈ പ്രപഞ്ചവും ഒരു മിഥ്യാ ഭ്രമം ആണെന്ന് നിങ്ങൾക്ക് മനസ്സിലായി തുടങ്ങും. നമ്മുടെ മുന്നിൽ അരങ്ങേറുന്ന പ്രശ്നങ്ങൾ നമുക്ക് സ്വീകാര്യമല്ലാത്തത് എന്തുകൊണ്ടാണ്? പ്രശ്നങ്ങൾ മനുഷ്യന്റെ കൂടപ്പിറപ്പ് ആയിരിക്കുമ്പോഴും അവൻ അവയോട് പൊരുത്തപ്പെടുന്നതിൽപരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? ജീവിത പ്രശ്നങ്ങളുടെ തീഷ്ണതയിൽ അവൻ വെന്തുരുകുന്നത് എന്തുകൊണ്ടാണ്? ഉത്തരം വളരെ വ്യക്തമാണ്, ഈ പ്രശ്നങ്ങൾ എല്ലാം തന്നെ വിരൽ ചൂണ്ടുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തത് കൊണ്ടാണ്. വാസ്തവത്തിൽ നിഷേധാത്മക ചിന്ത എന്നൊന്നില്ല! ചില ചിന്തകളൊക്കെ

നമുക്ക് നിഷേധാത്മകമായി തോന്നുന്നു എന്ന് മാത്രം! കാരണം അത്തരം ചിന്തകൾ പ്രതിനിധാനം ചെയ്യുന്ന മരണം നമുക്ക് സ്വീകാര്യമല്ലാത്തതുകൊണ്ട് ആണ്. മരണത്തോട് പൊരുത്തപ്പെടുവാനും അതിനെ ആസ്വദിക്കുവാനും കഴിവുള്ള ഒരാൾക്ക് എല്ലാ ചിന്തകളും ഭാവാതാമകം തന്നെ. ഭാവത്മക ചിന്തകളെ കുറിച്ച് എല്ലാവരും തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ ആരും അതിൽ എത്തിച്ചേരുന്നതായി കാണുന്നുമില്ല. എവിടെയാണ് നമുക്ക് പിഴവ് പറ്റിയിരിക്കുന്നതെന്ന് ആലോചിച്ചു നോക്കുവിൻ. ജീവിതത്തിന്റെ ഏതാണ്ട് പകുതിയോളം ഭാഗമെടുത്ത് അതിനെ ദൂരെയെറിയുവാൻ ശ്രമിച്ചാൽ അവ പോകുകയില്ല. മരണത്തെയും നിഷേധാത്മകമായ കാര്യങ്ങളെയും ദൂരെയേറിയുവാൻ ശ്രമിച്ചാൽ അവ ഒരു

ഭൂതത്തെ പോലെ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. എല്ലാം ഭാവാത്മകമാണ്. ജീവിതവും ഭാവാത്മകമാണ് മരണവും ഭാവാത്മകമാണ്. പ്രശ്നങ്ങൾ മരണത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ മാത്രം. മരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് നിഷേധാത്മക ചിന്തകളെ കൈകാര്യം ചെയ്യുക ഏറെക്കുറെ അസാധ്യവുമാണ്. അങ്ങനെ ചെയ്യാൻ ശ്രമിക്കുമ്പോൾ മനോസംഘർഷം ഉടലെടുക്കുന്നു. ഈ പ്രതിഭാസം മാനസിക രോഗത്തെ അനുസ്മരിപ്പിക്കുന്നതാണ്. എല്ലാവരും മാനസിക രോഗികൾ! നമുക്ക് ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുവാൻ ആകുന്നില്ല. ചെവിയുള്ളവർ കേൾക്കട്ടെ! ചിട്ടയായുള്ള പരിശീലനത്തിലൂടെ നമുക്ക് ഇതിൽ നിന്നും കരകയറാൻ സാധിക്കും. അപ്പോൾ നമ്മുടെ മനുഷ്യപ്രകൃതം പോലും തിരോഭവിക്കും. അവിടെ ഈശ്വര സാക്ഷാത്കാരം സംഭവിക്കുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120