ബിനോയ് എം. ജെ.
സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി
വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ
യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ.
ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ
എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം
ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply