ബിനോയ് എം. ജെ.
അനന്താനന്ദത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു . ഇത് നടക്കാൻ പോകുന്ന കാര്യമല്ല – എന്നവർ വാദിക്കുന്നു. ഇത് വെറും തട്ടിപ്പാണെന്നും ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആർഷഭാരത സംസ്കാരത്തിൽ അനന്താനന്ദത്തിൽ എത്തിയവർ അനേകം ഉണ്ടായിരുന്നു. ആ സംസ്കാരം ഇന്ന് അന്യംനിന്ന പോലെ തോന്നുന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തിൽ നാം അതെല്ലാം മറന്നു കളഞ്ഞു . മനുഷ്യന്റെ എല്ലാ പ്രവർത്തികളും ചിന്തകളും ആനന്ദത്തെ ലക്ഷ്യമാക്കി ആണ് പോകുന്നത്. അതിനാൽ തന്നെ അനന്താനന്ദം നമ്മുടെ പരമമായ ലക്ഷ്യവും ആണ്.
അനന്താനന്ദത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗമെന്താണ്? എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിതരാവുക. ‘ചിന്ത’ മനസ്സിന്റെ ആനന്ദത്തെ കാർന്നുതിന്നുന്ന ഒന്നാണ്. ചിന്ത എവിടെ നിന്നും വരുന്നു? പ്രശ്നങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നുമാണ് ചിന്ത വരുന്നത്. ചിന്തിക്കാത്തവരായി ആരും തന്നെയില്ല. ഇതിന്റെയർത്ഥം നമ്മുടെ തലയിൽ എന്തോ വലിയ പ്രശ്നമോ ആശയക്കുഴപ്പമോ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് .അതിനെക്കുറിച്ച് നാം ബോധവാന്മാരാകണം എന്നില്ല. താൻ സുഖമായി ജീവിക്കുന്നു എന്ന് എല്ലാവരും പറയുന്നു . എന്നാൽ അതൊരു ഭംഗിവാക്ക് മാത്രമാണ്. ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരു പ്രശ്നം വരുന്നു. ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു ചിന്ത പ്രത്യക്ഷപ്പെടുന്നു. പ്രശ്നങ്ങളുടെയും ചിന്തകളുടെയും നാനാത്വത്തിൽ ഒരുതരം ഏകത്വം ഉണ്ടെന്ന് കരുതുന്നതിൽ യാതൊരു തെറ്റുമില്ല .എന്താണാ ഏകത്വം? വാസ്തവത്തിൽ എല്ലാവരുടെയും പ്രശ്നം ഒന്ന് തന്നെയാണ്. ‘ആഗ്രഹ’മാണതെന്ന് ശ്രീബുദ്ധൻ വാദിച്ചു. ‘പാരതന്ത്ര്യം’ ആണതെന്ന് വിവേകാനന്ദൻ വാദിക്കുന്നു. ‘മായാ ബന്ധനം’ ആണതെന്ന് മറ്റ് ചിലർ പറയുന്നു .ഇവയെല്ലാംതന്നെ ഒരേ സത്യത്തിന്റെ വിവിധ മുഖങ്ങൾ മാത്രമാണ്.
ദുഃഖങ്ങളും പ്രശ്നങ്ങളും വെറുതെ ഉണ്ടാകുന്നതല്ല .അവയുടെ പിറകിൽ ഒരു കാരണം കിടപ്പുണ്ട് .ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരെണ്ണം വരുന്നു. ഇത് അവസാനമില്ലാതെ പോകുന്നു. കാരണം നാം പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ പരിഗണിക്കുന്നില്ല. അങ്ങനെ ഒരു കാരണം ഉള്ളതായി നാം സമ്മതിക്കുന്നുമില്ല. ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്. പ്രശ്നത്തെക്കുറിച്ചുള്ള അവബോധമാണ് പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി .ഒരേ പ്രശ്നം പല വ്യക്തികളിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നു. അത് ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇത് മാനവരാശിയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് വിമോചനം നേടുന്നവർ ഭിന്നർ ആയി കാണപ്പെടുന്നു. അവർ അനന്താനന്ദത്തിന്റെ ഉടമകളാണ്. അവർക്ക് എല്ലാം അറിയാം .അവർ കൽപിക്കുന്നതെന്തും സംഭവിക്കുന്നു. അങ്ങനെയുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. വരും യുഗങ്ങളിൽ ആയിരക്കണക്കിന് ഉണ്ടാവുകയും ചെയ്യും. അനന്താനന്ദത്തിൽ എത്തിയവർ ക്രമേണ ഈശ്വരനിൽ ലയിക്കുന്നു. അവർ പിന്നീട് മനുഷ്യരല്ല. കാരണം അവരുടെ കുറവുകളും പ്രശ്നങ്ങളും തിരോഭവിച്ചിരിക്കുന്നു. അവർ പൂർണ്ണരാണ്. അവരിൽ ഈശ്വരൻ പ്രകാശിക്കുന്നു. അവർ ജനനമരണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു! അവർ സംസാരസാഗരം താണ്ടിയിരിക്കുന്നു! എന്റെയും നിങ്ങളുടെയും ആത്യന്തികമായ ജീവിതലക്ഷ്യം ഇതാകുന്നു. എല്ലാ ക്ലേശങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും അപ്പുറം പോവുക. ദുഃഖനിവൃത്തിയിൽ എത്തുക . അനന്താനന്ദത്തിൽ എത്തുക.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
Leave a Reply