ബിനോയ് എം. ജെ.

‘പ്രകൃതി’ എന്നാൽ നിയമങ്ങളുടെ പര്യായമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ ഉള്ളതെല്ലാം നിയമ ബദ്ധമാണ്. നിയമം കൂടാതെ യാതൊന്നും ഇവിടെ സംഭവിക്കുന്നില്ല. ഈ നിയമങ്ങൾ കണ്ടെത്തുമ്പോഴാണ് പ്രകൃതിയുടെ മേൽ മനുഷ്യന് നിയന്ത്രണം കിട്ടുക. അങ്ങിനെ മാത്രമേ പ്രകൃതിയെ ജയിക്കുവാൻ മനുഷ്യന് കഴിയൂ. അതുകൊണ്ട് മനുഷ്യൻ പ്രകൃതിയെ കുറിച്ച് പഠിച്ചു കൊണ്ടേയിരിക്കുന്നു. പഠിച്ചേ തീരൂ… അപ്പോൾ മാത്രമാണ് മനുഷ്യജീവിതം അർത്ഥവ്യത്താകുന്നത്. പ്രകൃതി ആകട്ടെ മനുഷ്യന് പഠിക്കുവാനുള്ള ഒരു പാഠപുസ്തകം മാത്രവുമാണ്.

അതിനാൽ തന്നെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നതിനായി നൈസർഗികമായ ധാരാളം പ്രകൃതിനിയമങ്ങൾ ഉണ്ടെന്ന് സാമാന്യമായി ഊഹിക്കാം .സമൂഹം പ്രകൃതിയുടെ ഭാഗമാകുന്നു. ഉറങ്ങി കിടക്കുന്ന ഈ സാമൂഹിക നിയമങ്ങളെ കണ്ടെത്തുക മാത്രമാണ് മനുഷ്യന്റെ ധർമ്മം .ഫ്രോയ് ഡും, മാർക് സും മാലിനോസ്കിയും മറ്റും ഇത്തരം നിയമങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവച്ചവരാണ് . പോരാ ! നാമെല്ലാവരും തന്നെ അപ്രകാരം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങൾ ഒരു മനുഷ്യൻ ആണെങ്കിൽ നിങ്ങൾ അത് ചെയ്തേ തീരൂ. അല്ലാതെ മറ്റെന്താണ് നിങ്ങൾക്ക് ചെയ്യുവാനുള്ളത്? മനുഷ്യൻ ആണെന്ന് പറയുകയും മൃഗങ്ങളെപ്പോലെ ജീവിക്കുകയും ചെയ്തിട്ടെന്ത് കാര്യം? അന്വേഷണത്വരയും സർഗ്ഗശേഷിയും എല്ലാവർക്കും ഉണ്ടാകേണ്ടതാണ്. അവയുടെ അഭാവത്തിൽ നമ്മുടെ ജീവിതം യാന്ത്രികമാകുന്നു. നമ്മുടെ ജീവിതം അധ:പ്പതിക്കുന്നു.

ഉദാത്തവും അന്വേഷണത്തിൽ അധിഷ്ഠിതവുമായ ഒരു ജീവിതം നയിച്ചുകൊണ്ട് , സമൂഹത്തിൽ മറഞ്ഞു കിടക്കുന്നതും എന്നാൽ അത്യന്തം പ്രാധാന്യമർഹിക്കുന്നതും ആയ നിയമങ്ങളെ കണ്ടുപിടിക്കുക വഴി , സമൂഹത്തിന്റെ ക്ഷേമത്തിനും സ്വന്തം ആത്മസാക്ഷാത്കാരത്തിനും വേണ്ടി പ്രവർത്തിക്കുന്നതിൽ ആധുനികമനുഷ്യൻ പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ പരിണതഫലമായി മനുഷ്യന്റെ സാമൂഹ്യജീവിതം അധംപതിച്ചു കൂപ്പ് കൂത്തിയിരിക്കുന്നു.

ഇന്ന് നാം തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ് ചെയ്തുകൂട്ടുന്നത്. നിയമങ്ങൾ കണ്ടെത്തുന്നതിനു പകരം നാം നിയമങ്ങൾ നിർമ്മിക്കുന്നു. നമ്മുടെ ഭരണാധികാരികളുടെ ഏക ജോലി നിയമങ്ങൾ നിർമിക്കുകയാണ്. ഇവിടെ ഞാൻ ലളിതവും ഗൗരവമുള്ളതുമായ ഒരു ചോദ്യം ഉന്നയിക്കട്ടെ . നിയമങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം മനുഷ്യന് ആരാണ് കൊടുത്തത്? ഈശ്വരനാണ് സമൂഹത്തെയും പ്രകൃതിയേയും സൃഷ്ടിച്ചതെങ്കിൽ, അതിൽ ഈശ്വരൻ നിയമങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. മനുഷ്യന്റെ സാമൂഹ്യജീവിതം തീർച്ചയായും നിയമബദ്ധമാണ്. നമുക്ക് അജ്ഞാതമായ പല നിയമങ്ങളും ഈ സമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവയെ ലംഘിക്കുവാൻ ആർക്കും കഴിയുകയുമില്ല. അപ്പോൾ കൃത്രിമമായ ഈ നിയമങ്ങൾ ആർക്കുവേണ്ടി? എന്തിനുവേണ്ടി?

ഇത് കുത്തക ശക്തികൾ തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതിനു വേണ്ടി മാത്രം ചെയ്യുന്നതാണെന്ന് കാറൽ മാർക്സും മറ്റും വാദിക്കുന്നു .അത് ശരിയുമാണ്. സോഷ്യലിസ്റ്റ് സാമൂഹിക വ്യവസ്ഥയിൽ ഇതിന്റെ പത്തിലൊന്നുപോലും നിയമങ്ങളുടെ ആവശ്യമില്ല . കമ്യൂണിസത്തിൽ ആകട്ടെ യാതൊരുവിധ നിയമങ്ങളും ആവശ്യമില്ല. കൃത്രിമമായ നിയമങ്ങൾ തിരോഭവിക്കുന്നിടത്ത് നൈസർഗ്ഗികമായ നിയമങ്ങൾ കണ്ടുപിടിക്കാനുള്ള വ്യഗ്രത കൂടും. അവിടെ മനുഷ്യൻ പ്രകൃതിയുമായി രമ്യതയിലും താളത്തിലും നീങ്ങുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം. കൃത്രിമ നിയമങ്ങൾ ഓരോന്നോരോന്നായി എടുത്തുകളയണം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. അത്തരം സമൂഹത്തിൽ സ്വാതന്ത്ര്യവും അച്ചടക്കവും സ്വമേധയാ വന്നുചേരുന്നു. അവിടം സ്വർഗ്ഗതുല്യമാകുന്നു.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.