ബിനോയ് എം. ജെ.

മനുഷ്യരെല്ലാവരും ചിന്തിക്കുന്നവരായി കാണപ്പെടുന്നു. എന്താണ് ചിന്തയുടെ മന:ശ്ശാസ്ത്രം? ചിന്തയുടെ അടിസ്ഥാന കാരണം എന്താണ്? ആശയക്കുഴപ്പത്തിൽ നിന്നും ചിന്ത ഉത്ഭവിക്കുന്നുവെന്ന് സാമാന്യമായി പറയാം. ആശയം ഉള്ളവനേ ആശയക്കുഴപ്പങ്ങളും ഉള്ളൂ. അതിനാൽ തന്നെ പഠന ഗവേഷണങ്ങളിൽ ഏർപ്പെടുന്നവർ കൂടുതലായി ചിന്തിക്കുന്നതായി കാണപ്പെടുന്നു .ചിന്തയിൽ നിന്ന് മാത്രമേ പുതിയ ആശയങ്ങൾ ജനിക്കുന്നുളളൂ. ഇതിനെ ഏറ്റവും നല്ല പഠനോപാധിയായി മന:ശ്ശാസ്ത്രജൻമാർ കാണുന്നു. എന്നിരുന്നാലും ചിന്തയെ കുറിച്ച് ആഴത്തിൽ പഠിക്കുമ്പോൾ അത് അത്ര ഗുണകരമായ കാര്യമല്ലെന്ന് മനസ്സിലാക്കുവാൻ കഴിയും . കാരണം അത് ആശയക്കുഴപ്പത്തെ പ്രോത്സാഹിപ്പിക്കുന്നു.

എന്താണ് അടിസ്ഥാനപരമായ ആശയക്കുഴപ്പം?ഉള്ളിൽനിന്നും ഒന്നു പറയുന്നു. ബാഹ്യലോകം അതിനു വിരുദ്ധമായ കാര്യം പറയുന്നു. ഉള്ളിൽ എന്നും ഭാവാത്മകമായ ഒരു ആശയം അഥവാ സത്യം പൊന്തിവരുന്നു. ബാഹ്യലോകം നിഷേധാത്മകമാണ് .നാം ചെറുപ്പംതൊട്ടേ നിഷേധാത്മകതയെ പ്രോത്സാഹിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ചിലർ ദാരിദ്ര്യത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു . മറ്റ് ചിലർ മരണത്തെക്കുറിച്ചുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നു. വേറേ ചിലർ സമൂഹത്തെക്കുറിച്ച് നിഷേധാത്മകമായി ചിന്തിക്കുന്നു. എങ്ങനെയാണെങ്കിലും എല്ലാവരും തന്നെ നിഷേധാത്മകമായി ചിന്തിച്ചു വരുന്നു .ഭാവാത്മകതയും നിഷേധാത്മകതയും തമ്മിലുള്ള സംഘട്ടനം മനസ്സിൽ സദാ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഈ സംഘട്ടനത്തിൽ ചിലപ്പോൾ ഭാവാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. മറ്റുചിലപ്പോൾ നിഷേധാത്മകതയ്ക്ക് താത്കാലിക വിജയം ഉണ്ടാകുന്നു. ഭാവാത്മകത വിജയിക്കുമ്പോൾ സുഖവും നിഷേധാത്മകത വിജയിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇപ്രകാരം മനസ്സിൽ സംഭവിക്കുന്ന സംഘടനവും ചിന്തയും മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. അതിനാൽ തന്നെ ചിന്തയിൽ നിന്നും കരകയറുവാൻ ഉള്ള മാർഗങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ചിന്ത തിരോഭവിക്കണമെങ്കിൽ ആന്തരിക സംഘട്ടനം തിരോഭവിക്കേണ്ടിയിരിക്കുന്നു. ആന്തരിക സംഘട്ടനം തിരോഭവിക്കണമെങ്കിൽ നിഷേധാത്മകത തിരോഭവിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ ചിന്തയെ ജയിക്കണമെങ്കിൽ നിഷേധാത്മകതയെ ജയിക്കേണ്ടിയിരിക്കുന്നു. കുറേസമയം ജാഗ്രതയോടെ ഉള്ളിലേക്ക് നോക്കിയിരുന്നാൽ ഇടതടവില്ലാതെ നിഷേധാത്മകമായ കാര്യങ്ങൾ പൊന്തി വരുന്നതായി കാണുവാൻ സാധിക്കും. ഈ നിഷേധാത്മകത എന്തുകൊണ്ട് പൊന്തിവരുന്നു? കാരണം നാമവയെ പ്രോത്സാഹിപ്പിക്കുന്നു എന്നത് തന്നെ. നാമവയ്ക്ക് മൂല്യം കൽപ്പിക്കുന്നു. അവ പ്രധാനങ്ങളും അനുപേക്ഷണീയങ്ങളും ആണെന്ന് നാം കരുതുന്നു. ഫലമോ അവ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗവും ആകുന്നു.

നിഷേധാത്മകതയെ നാം സദാ മാടിവിളിച്ചു കൊണ്ടേയിരിക്കുന്നു. ഫലമോ അത് നമ്മെ വിട്ടു പിരിയുന്നതും ഇല്ല. നിഷേധാത്മകത നമ്മുടെ ഏറ്റവും വലിയ കൂട്ടുകാരനും സന്തതസഹചാരിയും ആകുന്നു. ഈ മനോഭാവമാണ് നാം ആദ്യമേ മാറ്റേണ്ടത്. നിഷേധാത്മകതയെ വീണ്ടും തിരിച്ചു വരാൻ ആകാത്തവിധം ഒടുക്കത്തെ വിടനൽകി പറഞ്ഞയയ്ക്കുവിൻ! “നിഷേധാത്മക ചിന്തകളെ ദൂരെയകലുവിൻ. നിന്നോട് എനിക്ക് ചങ്ങാത്തം ഇല്ല. ഒരിക്കലും തിരികെ വരാതിരിക്കുവിൻ”.. ഇങ്ങനെ ആവർത്തിച്ചാവർത്തിച്ച് പറയുവിൻ! ക്രമേണ നിങ്ങൾ നിഷേധാത്മകതയുമായി ദൂരം പാലിക്കുവാൻ പഠിക്കുന്നു. നിഷേധാത്മകത മാറും തോറും ആശയക്കുഴപ്പവും മാറുന്നു. നിങ്ങൾ ഭാവാത്മക ചിന്തയുടെ ഒരു പ്രഭവകേന്ദ്രമായി മാറുന്നു .അപ്പോൾ നിങ്ങളുടെ ആനന്ദം അനന്തതയിലേക്ക് ഉയരുന്നു .പിന്നീടങ്ങോട്ട് ദുഃഖിക്കുവാൻ യാതൊന്നുമില്ല. വേവലാതിപ്പെടാൻ യാതൊന്നുമില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് വീഴുന്നു. അവിടെ നിങ്ങൾക്ക് അജ്ഞത ഇല്ല. നിങ്ങളുടെ അജ്ഞതയുടെ കാരണം ആശയക്കുഴപ്പം തന്നെ ആയിരുന്നു. ആശയക്കുഴപ്പത്തിൽ കഴിയുന്നവന് ശരിയേതെന്ന് തിട്ടമില്ല. അയാളുടെ ഉള്ളം വേദനിക്കുന്നു. ചിന്ത തിരോഭവിക്കുമ്പോൾ ഒരുവൻ ബുദ്ധിക്കും അപ്പുറം പോകുന്നു. അയാൾ ബുദ്ധൻ ആകുന്നു. ഇതാണ് അനന്ത ജ്ഞാനത്തിലേയ്ക്കുള്ള ഏകമാർഗ്ഗം.