ബിനോയ് എം. ജെ.

താരതമ്യേന ലളിതവും, സങ്കീർണതകൾ കുറഞ്ഞതും ,ഫലപ്രദവുമായ ഒരു യോഗ പദ്ധതിയാണ് കർമ്മയോഗം. ഇത് കർമ്മത്തിൽ അധിഷ്ഠിതമാണ്. കർമ്മം ചെയ്യാത്തവരായി ആരും തന്നെ ഈ ലോകത്തിൽ ഇല്ല. അതിനാൽ തന്നെ ആർക്കും ഈ കർമ്മയോഗം പരിശീലിക്കാവുന്നതാണ്. മാത്രവുമല്ല മറ്റു യോഗകൾ ചെയ്യുവാൻ കർമ്മ മണ്ഡലത്തിൽ നിന്നും കുറെയൊക്കെ വിരമിക്കേണ്ടിയിരിക്കുന്നു . എന്നാൽ കർമ്മയോഗം ചെയ്യുമ്പോൾ നിങ്ങൾ ഇതുവരെ ചെയ്ത് പോരുന്ന കർമ്മങ്ങളും ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങളും തുടരാമെന്ന് മാത്രമല്ല കൂടുതൽ അർത്ഥവ്യത്തായ കർമ്മങ്ങൾ ഭാവിയിലേക്ക് പദ്ധതിയിടുവാനും കഴിയുന്നു.

നാം ഇപ്പോൾ ചെയ്യുന്ന കർമ്മങ്ങൾ പരിശോധിച്ചാൽ അവയെല്ലാം തന്നെ ലക്ഷ്യം വയ്ക്കുന്നത് സ്വാർത്ഥപരമായ നേട്ടങ്ങളിലേക്ക് ആണെന്ന് കാണാം. ഇതിനെ “സ്വാർത്ഥ കർമ്മം” എന്നാണ് ഭാരതീയ തത്വചിന്തയിൽ വിളിക്കുന്നത്. എന്നാൽ മറ്റൊരു രീതിയിൽ, സ്വാർത്ഥത കൂടാതെയും നമുക്ക് കർമ്മം ചെയ്യുവാൻ കഴിയും. മറ്റുള്ളവർക്ക് വേണ്ടിയും ലോകത്തിനുവേണ്ടിയും കർമ്മം ചെയ്യുക. അതിനു പ്രതിഫലമായി, മാനസികമായ പ്രതിഫലങ്ങൾ ഒന്നുംതന്നെ സ്വീകരിക്കാതിരിക്കുക. അപ്പോൾ നിങ്ങൾ കർമ്മയോഗി ആകുന്നു.

കർമ്മ യോഗത്തിൽ ഇപ്രകാരം പറയുന്നു “കർമ്മം ചെയ്യുവാനുള്ള അവകാശമേ നമുക്ക് ഉള്ളൂ ,പ്രതിഫലത്തെ കുറിച്ച് ചിന്തിക്കുവാനുള്ള അവകാശമില്ല.” ഇവിടെ പ്രതിഫലം കൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായ പ്രതിഫലം അല്ല. മറിച്ച് മാനസികമായ പ്രതിഫലമാണ്. പേര്, പ്രശസ്തി, സ്നേഹം, ബഹുമാനം ഇവയെ ലക്ഷ്യമാക്കി കർമ്മം ചെയ്യുമ്പോൾ നാം സ്വാർത്ഥതയെ പാലൂട്ടി വളർത്തുന്നു. സ്വാർത്ഥ കർമ്മം ദാസ്യ കർമ്മം. അവയെ ത്യജിച്ചു കൊണ്ട് കർമ്മം ചെയ്യുമ്പോൾ നിങ്ങൾ യജമാനനെ പോലെ കർമ്മം ചെയ്യുന്നു.നിങ്ങൾ നിഷ്കാമകർമ്മം ചെയ്യുന്നു.

ശ്രീ കൃഷ്ണനും, ശ്രീ ബുദ്ധനും, ശ്രീ യേശുവും ഏറെ കുറെയൊക്കെ കർമ്മയോഗം ഉപദേശിക്കുന്നു .ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും കർമ്മയോഗം ഉപദേശിക്കുന്നു. സ്വാർത്ഥതാ പരിത്യാഗം ആണ് ഇവയുടെയെല്ലാം മുഖമുദ്ര. സ്വാർത്ഥതയാണ് ദുഃഖം. ഈ ലോകത്തിലേക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം കാര്യം നോക്കുകയാണ്. എന്നാൽ മറ്റുള്ളവർക്ക് വേണ്ടി കർമ്മം ചെയ്യുന്നത് ആനന്ദമാണ് . തനിക്ക് വേണ്ടി ചെയ്യപ്പെടുന്ന കർമ്മം അല്ലെങ്കിൽ പ്രതിഫലത്തെ ലക്ഷ്യംവെച്ച് കൊണ്ട് ചെയ്യുന്ന കർമ്മം ദുഃഖമാണ്. കർമ്മം ചെയ്യുക; പ്രതിഫലത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ത്യജിച്ചുകൊണ്ട് ഭുജിക്കുക എന്ന് ഉപനിഷത്തിൽ പറയുന്നു. (ഈശോപനിഷത്ത്) കർമ്മം ചെയ്യുക ഒരുതരം ഭുജിക്കലാണ്. അതിൽ ആനന്ദം ഉണ്ട്. പ്രതിഫലം ത്യജിക്കുക -അതിലും ആനന്ദമുണ്ട്. അതിനാൽ ലോകത്ത് നിന്നോ കർമ്മത്തിൽ നിന്നോ ഓടിയകലുവാൻ കർമ്മയോഗം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് ,ഈ ലോകത്ത് നിന്നുകൊണ്ടുതന്നെ, കർമ്മങ്ങളിൽ എല്ലാം മുഴുകി കൊണ്ട് തന്നെ നിങ്ങൾക്ക് ഈശ്വരഭജനം ചെയ്യാനാകും. അതാകുന്നു ഏറ്റവും മഹത്തായ കാര്യം. ഈ ലോകത്തിനു വേണ്ടി മാത്രം ജീവിക്കുക. ഈ ലോകത്തിൻറെ യജമാനൻ ആകുക. പരോപകാരം ജീവിത വ്രതമാക്കുക. ബുദ്ധിശക്തിയെ പരിത്യജിച്ചും പരോപകാരം ചെയ്യുക. അപ്പോൾ നിങ്ങൾ ഈ ചെറിയ ശരീരമോ വ്യക്തിത്വമോ അല്ല, അതിലും വലിയ മറ്റെന്തോ ആണെന്ന ബോധ്യം നിങ്ങളിൽ ഉറയ്ക്കും .നിങ്ങൾ ഈശ്വരൻ ആയി മാറും.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.