ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ഭീക്ഷണിയെ നേരിടാൻ കടുത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടൻ. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് പരിശോധനകൾക്ക് വിധേയമാകേണ്ടി വരുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . വാക്സിനുകൾ എടുത്തവർ ആണെങ്കിലും പുതിയ നിയന്ത്രണങ്ങൾ പ്രകാരം പുറപ്പെടുന്നതിനു മുമ്പുള്ള ലാറ്ററൽ ഫ്ലോ അല്ലെങ്കിൽ പിസിആർ ടെസ്റ്റുകൾക്ക് വിധേയമാകണം. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ 7 പുലർച്ചെ നാലുമണി മുതൽ നിലവിൽ വരും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതിയ നിയന്ത്രണങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. 12 വയസ്സിന് മുകളിൽ പ്രായമുള്ളവർ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാ ഫലമാണ് സമർപ്പിക്കേണ്ടത്. പുതിയനിയമങ്ങളെക്കുറിച്ച് കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. വാക്‌സിൻ എടുത്തവരും ടെസ്റ്റിന് വിധേയമാകേണ്ട സാഹചര്യം ഉടലെടുത്തതോടെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും എടുക്കാത്തവരും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സ്ഥിതിയാണെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.

 

ഒമിക്രോൺ വ്യാപന ഭീതിയെ തുടർന്ന് കടുത്ത ആശയക്കുഴപ്പമാണ് ഉന്നത ഭരണനേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉടലെടുത്തിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചും ഒത്തുചേരലുകളെ കുറിച്ചും മന്ത്രിമാർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. യാത്ര തുടങ്ങുന്നതിനു മുമ്പുള്ള കോവിഡ് ടെസ്റ്റുകൾ നടപ്പിലാക്കുന്നതിന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് നിരാകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.