ന്യൂസ് ഡെസ്ക് മലയാളം യുകെ

കാനഡ : ടൈറ്റാനിക് സന്ദർശനത്തിനിടെ പൊട്ടിത്തെറിച്ച ടൈറ്റൻ സമുദ്രാന്തര പേടകത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ആന്റിന, റിയർ കവർ, സബ്‌ന്റെ പോട്ഹോൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ലഭിച്ച തെളിവുകൾ കോസ്റ്റ് ഗാർഡിന്റെ മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (എംബിഐ) യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകും. ഇതോടെ ടൈറ്റൻ വീണ്ടെടുക്കാനുള്ള പ്രവർത്തങ്ങൾ പൂർത്തിയായി.

പെലാജിക് റിസേർച്ച് സർവീസസ് എന്ന സമുദ്രാന്തര ഗവേഷണ സ്ഥാപനത്തിന്റെ ഒഡിസിയസ് 6കെ എന്ന ആർഒവിയാണ് വീണ്ടെടുക്കലിൽ പങ്കെടുത്തത്. വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായിരുന്നു, ഈ ആഴത്തിലുള്ള തിരയലെന്നു പിആർഎസ് വക്താവ് ജെഫ് മഹോണി പറഞ്ഞു. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ വിശകലനം ചെയ്യുന്നത് ടൈറ്റന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയേക്കും. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് കമ്പനിയുടെ ടൈറ്റൻ എന്ന ജലപേടകം തകർന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്.

ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടൺ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായഭീമൻ ഷഹ്സാദാ ദാവൂദും മകൻ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകൻ പോൾ ഹെന്റി നാർജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റൻ പേടകത്തിലുണ്ടായിരുന്നത്. സ്റ്റോക്ടൺ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മർദ്ദത്തെ തുടർന്ന് ഇംപ്ലോഷൻ സംഭവിച്ചുവെന്നാണ് കരുതപ്പെടുന്നത്.