വനിതാമതില്‍ ചതിയാണെന്ന് തന്റെ അമ്മ പറഞ്ഞതായും എന്നാല്‍ അച്ഛന്‍ അത് വിശ്വസിച്ചില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തുഷാര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ എസ് എന്‍ ഡി പി യോഗത്തെ ചതിച്ചതാണെന്ന് പ്രീതി നടേശന്‍ പറഞ്ഞിരുന്നു എന്ന ചോദ്യത്തിനാണ് ഈ മറുപടി.
‘അതു വളരെ ശരിയാണ്. ജാതി സ്പര്‍ധക്കെതിരായ നവോത്ഥാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ് വനിതാ മതിലെന്നും ശബരിമലയുമായി ഒരു ബന്ധവുമില്ലെന്നുമാണ് അവസാന നിമിഷം വരെ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം താന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ മത്സരിക്കുമെന്ന പ്രചരണം ശുദ്ധ അബദ്ധമാണെന്ന് തുഷാര്‍ വ്യക്തമാക്കി. അടുത്ത ദിവസം എന്‍ഡിഎ യോഗമുണ്ട്. 5 മുതല്‍ എട്ട് സീറ്റുകളില്‍ വരെ ബിഡിജെഎസ് മത്സരിക്കും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാല് എംപിമാര്‍ എന്‍ഡിഎക്കുണ്ടാകും. അതിലൊരാള്‍ ബിഡിജെഎസിന്റേതായിരിക്കും. കേരളത്തിലെ ഏത് സീറ്റും തനിക്ക് എന്‍ഡിഎ നല്‍കുമെന്നും ശരിക്ക് പഠിച്ച ശേഷമേ തീരുമാനമെടുക്കൂവെന്നും തുഷാര്‍ പറയുന്നു. അതേസമയം കേരളത്തില്‍ ബിഡിജെഎസിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നതിനാല്‍ താന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നും ഇത്തവണ വിജയം ഉറപ്പാണെന്നും തുഷാര്‍ പറയുന്നു.
തനിക്ക് വാഗ്ദാനം ചെയ്ത സീറ്റ് വി മുരളീധരന് നല്‍കിയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും തുഷാര്‍ പറഞ്ഞു. ഒരേസമയം തനിക്കും മുരളീധരനും സീറ്റ് നല്‍കാന്‍ മുന്നണിക്ക് സാധിക്കുമെന്നാണ് തുഷാര്‍ പറഞ്ഞത്. ശബരിമല കര്‍മ്മ സമിതിയില്‍ എല്ലാ വിഭാഗത്തിലുമുള്ള ഹിന്ദുക്കളുമുണ്ടെന്നും അതിന്റെ നേതാക്കളാരെന്ന് പോലും തനിക്കറിയില്ലെന്നും തുഷാര്‍ പറഞ്ഞു. ബിജെപിയും എന്‍ഡിഎയും അതുമായി സഹകരിക്കുന്നുണ്ട്. അത്രേയുള്ളൂ. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താതെ നിസാരമായി പരിഹരിക്കാവുന്ന പ്രശ്‌നം അങ്ങനെ പരിഹരിക്കണമെന്നാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ക്ക് ഇത്തരമൊരു പ്രശ്‌നമുണ്ടായാല്‍ അവര്‍ക്കൊപ്പവും എന്‍ഡിഎ ഉണ്ടാകുമെന്നും തുഷാര്‍ വ്യക്തമാക്കി.
Leave a Reply