പ്രസവ വേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച അമേരിക്കൻ സ്വദേശിനിയായ യുവതിയാണ് സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നത്. മുപ്പതുകാരിയായ മേഗൻ വാർഫീൽഡ് ആണ് പ്രസവ വേദനയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. മേഗനും അമ്മയും കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ മേഗന് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങി.
എന്നാൽ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടർന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു അഗ്‌നിശമന സേനാംഗം കൂടിയായ മേഗൻ. ഇതിനിടയിലാണ് ഒരു കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവർ കണ്ടത്. കാറിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടനടി മറുത്ത് ചിന്തിക്കാതെ മേഗൻ അപകടത്തിൽപ്പെട്ട കാറിനരികിലേയ്ക്ക് എത്തി.
കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗൻ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായി ഇരുത്തി. പരിക്ക് കൂടുതൽ വഷളാകാതെ അവർക്ക് ആത്മവിശ്വാസം പകർന്ന് മേഗൻ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാൻ തുടങ്ങി.
പ്രസവ വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി, മണിക്കൂറുകൾക്കുള്ളിൽ മേഗൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഷാർലെറ്റ് എന്നാണ് മകൾക്ക് പേര് നൽകിയത്. ‘ഞാൻ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ ആയിരുന്നു. ആ സമയത്ത് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.’ മേഗൻ പറയുന്നു
Leave a Reply