‘എല്ലാം അല്ലാഹുവിന്റെ നിശ്ചയം. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. അത് അവളുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി. ബസിലെ ഏതെങ്കിലും ഒരാള്‍ക്ക് അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ.’- കോട്ടയം സ്വദേശിയായ താഹയുടെ വാക്കുകളാണിത്. താഹയുടെ പേര് നിങ്ങള്‍ ഓര്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ നാഷിദ നീറുന്ന ഓര്‍മ്മയായി മലയാളികളുടെ ഉള്ളിലുണ്ട്.
കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ നാഷിദ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. എട്ട് മാസം വളര്‍ച്ചയെത്തിയ കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്റ്റര്‍മാര്‍ക്കായി. മൂന്ന് മക്കളേയും താഹയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് നാഷിദ പോയത്.
‘ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് ഭര്‍ത്താവ് താഹ പറഞ്ഞു. ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവറെ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല.’ – അദ്ദേഹം പറഞ്ഞു.
സഹോദരിക്കും ഇളയ മകള്‍ക്കുമൊപ്പമാണ് നാഷിദ ബസ്സില്‍ കയറിയത്. 30 മിനിറ്റോളം കാത്ത് നിന്നാണ് ഇവര്‍ക്ക് ബസ് കിട്ടിയത്. അതിനാലാണ് തിരക്കുള്ള ബസ്സില്‍ കയറിയതെന്ന് സഹോദരി ഷാനിദ പറഞ്ഞു. തിരക്കുള്ള ബസ്സായിരുന്നു അത്. ശരിക്ക് നില്‍ക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് മുന്‍പു തന്നെ വണ്ടി എടുത്തു. നാഷിദയെ ആരും ശ്രദ്ധിക്കുകയോ സീറ്റ് നല്‍കുകയോ ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതുമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്നും ഷാനിദ കൂട്ടിച്ചേര്‍ത്തു.
Leave a Reply