ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ ആരോഗ്യ പദ്ധതികളുടെ ഭാഗമായി, പുകവലി ശീലമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് 400 പൗണ്ട് വീതമുള്ള ഷോപ്പിങ് വൗച്ചറുകൾ നൽകുവാൻ തീരുമാനിച്ച് എൻഎച്ച്എസ്. ഇത്തരത്തിൽ സാമ്പത്തികമായ ഉത്തേജനങ്ങൾ നൽകുന്നത് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ ആൻഡ് കെയർ എക്സലൻസും പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടുമാണ് ഇത്തരത്തിൽ വൗച്ചറുകൾ നൽകുന്നത് ഗുണപ്രദം ആകുമെന്ന് വ്യക്തമാക്കിയത്. എന്നാൽ വൗച്ചറുകൾ സ്വീകരിക്കുന്നതിനു മുൻപായി സ്ത്രീകൾ ബയോകെമിക്കൽ ടെസ്റ്റുകൾക്ക് വിധേയമായി പുകവലിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ടെസ്റ്റുകൾ ബുദ്ധിമുട്ടായതിനാൽ, വൗച്ചറുകൾ എല്ലാവർക്കും നൽകണമെന്നാണ് പുതിയ നിർദ്ദേശങ്ങൾ.


പുകവലിക്കുന്ന 1000 ഗർഭിണികളിൽ ഇത്തരത്തിൽ വൗച്ചറുകൾ നൽകിയപ്പോൾ, 177 പേർ പുകവലി പൂർണമായും നിർത്തി എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. പുതിയ ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിച്ച്, ഹെൽത്ത് കെയർ സ്റ്റാഫുകൾ ഇ-സിഗരറ്റുകളെ സംബന്ധിച്ച് ആളുകളിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഇ -സിഗരറ്റുകളുടെ ദീർഘകാല ആഘാതങ്ങൾ നിലവിൽ ഇതുവരെയും വ്യക്തമല്ല.


രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഒരു ഘടകമായി പുകവലി ഇന്നും നിലനിൽക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുകവലി തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകളിൽ 10 ശതമാനത്തോളം പേർ പുകവലിക്കുന്ന വരാണ്. ഇത് ജനിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം തന്നെ അമ്മമാരിലും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ ഗർഭിണികളിലെ പുകവലി ശീലം നിർത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.