ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു ശേഷം തിരികെ ജോലിയില്‍ കയറുന്ന അമ്മമാര്‍ക്കും തൊഴിലില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി ഗവണ്‍മെന്റ്. പേരന്റല്‍ ലീവിന് ശേഷം തിരികെയെത്തുന്ന പുരുഷന്‍മാര്‍ക്കും ഈ പദ്ധതി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രസവാവധിക്കു ശേഷം തിരിച്ചെത്തുന്ന മാതാപിതാക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് സത്യമാണെന്നും അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഒട്ടേറെ അമ്മമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോള്‍ പുറത്താക്കപ്പെടുന്നുണ്ടെന്നും മേലുദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ഓരോ വര്‍ഷവും ഗര്‍ഭിണികളാണെന്ന കാരണത്താലും ആറു മാസത്തെ മെറ്റേണിറ്റി ലീവിനു ശേഷവും 54,000 സ്ത്രീകള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വിവേചനം നിയമവിരുദ്ധമാണെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു. എന്നാല്‍ മിക്കയിടങ്ങളിലും അമ്മമാര്‍ക്ക് മോശം പെരുമാറ്റവും വിവേചവനവും നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് മറ്റു ജോലികള്‍ തേടേണ്ടി വരാറുണ്ടെന്നും ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു.

പുതിയ നിര്‍ദേശങ്ങളില്‍ പത്ത് ആഴ്ച കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. ഇതിനെ കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച വര്‍ക്ക് പ്ലേസ് സ്റ്റാന്‍ഡാര്‍ഡുകളാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പേരന്റല്‍ ലീവുകളും എന്‍ടൈറ്റില്‍മെന്റുകളും നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്ന് പിന്‍മാറുമ്പോള്‍ അതിലുമേറെ നമ്മുടെ ജനതയ്ക്ക് ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.