ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലുള്ള അനധികൃത കുടിയേറ്റക്കാർക്ക് എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എൽ ബി സി ലണ്ടന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യം ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യത്തിലാണ് എത്തിനിൽക്കുന്നത് എന്ന് എൽ ബി സിയുടെ നിക്ക് ഫെറാരിക്കു നൽകിയ അഭിമുഖത്തിൽ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അഭയാർത്ഥി നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് ഇതിനോടനുബന്ധിച്ച് ആണ്. നിലവിലെ അഭയാർഥി നിയമങ്ങളെല്ലാം തന്നെ നിയമവിരുദ്ധമായി ആളുകളെ ബ്രിട്ടനിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാൽ നിയമപരമായ രീതിയിൽ അഭയം അന്വേഷിച്ചു വരുന്ന ആളുകൾക്ക് സംരക്ഷണം നൽകേണ്ടത് രാജ്യത്തിന്റെ കടമയാണെന്നും അവർ ഓർമ്മിപ്പിച്ചു.
ഇത്തരത്തിൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ ഡിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കും. ഇത്തരത്തിൽ നിയമവിരുദ്ധമായ രാജ്യത്തെ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമ സംവിധാനം നിലവിൽ വരും. നിരവധി ആളുകളാണ് ഇത്തരത്തിൽ ചൂഷണത്തിന് ഇരയാകുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു. നിരവധി ഇടനിലക്കാരാണ് ഇതുമൂലം പണമുണ്ടാക്കുന്നത്. ഇത് തടയുന്നതിനാണ് ഇത്തരത്തിൽ നിയമസംവിധാനം കൊണ്ടുവരുന്നത്.
കഴിഞ്ഞ വർഷം ഏകദേശം 8500 ഓളം പേരാണ് നിയമവിരുദ്ധമായി ചെറിയ ബോട്ടുകളിലും മറ്റും രാജ്യത്ത് എത്തിയത്. രാജ്യത്ത് അഭയാർഥികളെ മുഴുവനായി മാറ്റി നിർത്തുകയല്ല, മറിച്ച് നിയമാനുസൃതമായി വരുന്നവർക്ക് എല്ലാ തരത്തിലുള്ള പരിഗണനയും സംരക്ഷണവും നൽകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ പലഭാഗത്തുനിന്നും ഉയർന്നുവരുന്നുണ്ട്. രാജ്യത്ത് ഏതു രീതിയിൽ എത്തിയാലും അവരെ സംരക്ഷിക്കേണ്ട കടമ രാജ്യത്തിന് ഉണ്ടെന്ന് റെഫ്യൂജി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു. ഗവൺമെന്റിന്റെ ഇത്തരം തീരുമാനങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ തീരുമാനങ്ങൾ ആണ് ഇതെന്ന കുറ്റപ്പെടുത്തലുകളും പലഭാഗത്തുനിന്നും വരുന്നുണ്ട്.
Leave a Reply