ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അമേരിക്കൻ എക്സ്എൽ ബുള്ളി നായ ആക്രമണത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്‌. ലിവർപൂളിൽ നിന്നുള്ള 54 കാരനായ ഇയാൻ ലാംഗ്ലിക്ക് ആണ് ഹൗട്ടൺ-ലെ-സ്പ്രിംഗിനടുത്തുള്ള ഷൈനി റോവിലെ മേപ്പിൾ ടെറസിൽ വെച്ച് നായയുടെ ആക്രമണത്തിനിരയായത്. കൊലപാതക കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ അറസ്റ്റിലായി വിട്ടയച്ച 44 കാരനെ ഇപ്പോൾ വീണ്ടും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ നായ വെടിയേറ്റ് മരിക്കുകയും രണ്ടാമത്തെ നായയെ പിടികൂടുകയും ചെയ്തു. ബുള്ളി എക്‌സ്‌എൽ ഇനങ്ങളാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ലാംഗ്ലിയുടെ കഴുത്തിൽ മാരകമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. “ഞങ്ങൾ ഇയാന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം നിലനിൽക്കുന്നു, ഈ ദുരന്ത സമയത്തും ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നത് തുടരുന്നു.” നോർത്തുംബ്രിയ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. നിരന്തരം ആക്രമണങ്ങൾ നടത്തുന്ന അമേരിക്കൻ എക്സ്എൽ ബുള്ളി വിഭാഗത്തിൽപ്പെടുന്ന നായ്ക്കളെ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ഈ നായ്ക്കൾ നമ്മുടെ സമൂഹത്തിന് അപകടമാണെന്നും വർഷാവസാനത്തോടെ ഇവയെ നിരോധിക്കുമെന്നും സുനക് വ്യക്തമാക്കിയിരുന്നു.

നേരത്തെ, നായയുടെ ആക്രമണത്തിൽ 11 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. 2021ന് ശേഷം ഈ ബ്രീഡിൽ വരുന്ന നായ്ക്കളുടെ കടിയേറ്റ് 14 പേർ മരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പിട്ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രാസിലേറിയോ എന്നീ ബ്രീഡുകളിൽപ്പെടുന്ന നായ്ക്കൾക്ക് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധിച്ച നായയെ വളർത്തിയാൽ പരിധിയില്ലാത്ത പിഴയും ആറുമാസം വരെ തടവും ലഭിക്കും.