കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.

ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.

കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.

പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.

ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.

ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.