ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തതായി ചൈനീസ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ലാന്‍ഡര്‍ വാഹനം റോബട്ടിക് കൈകള്‍ ഉപയോഗിച്ച് ശേഖരിക്കും. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കല്‍ തുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) അറിയിച്ചത്.

ഇത് മൂന്നാം തവണയാണ് ചൈന ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നത്. ചന്ദ്രനിലെ മോണ്‍സ് റൂംകര്‍ മേഖലയില്‍ ലാന്‍ഡ് ചെയ്ത ചാങ്ങ് ഇ 5 ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങും. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം ചന്ദ്രന്റെ ഉദ്ഭവവും രൂപീകരണവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ്. ഈ ദൗത്യം വിജയകരമായാല്‍ കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി ചന്ദ്രോപരിതലത്തില്‍ നിന്ന് പാറയും മണ്ണും ശേഖരിക്കുന്ന ആദ്യ രാജ്യമായി ചൈന മാറും.

ഈ പദ്ധതിയിലൂടെ ഏകദേശം 4 പൗണ്ട് (1.81 കിലോഗ്രാം) പാറയും മണ്ണും ഭൂമിയിലെത്തിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നേരത്തെ 1960കളിലും 1970കളിലുമായി അമേരിക്കയും സോവിയറ്റ് യൂണിയനും മാത്രമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തികരിച്ചിട്ടുള്ളത്.

2003ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യം കൂടിയാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്.