ഷൈമോൻ തോട്ടുങ്കൽ

ബിർമിങ്ഹാം .ബ്രിട്ടനിലെ വിശ്വാസ സമൂഹം ആവേശപൂർവം കാത്തിരിക്കുന്ന സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. രണ്ടുവർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാർത്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരാർത്ഥികളുടെ പങ്കാളിത്തംകൊണ്ട് മത്സരങ്ങളുടെ സമയ നിഷ്ഠകൊണ്ടും ഈ വർഷവും രൂപത ബൈബിൾ കലോത്സവം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു.

ഈ വർഷത്തെ മത്സരത്തിൽ പതിനൊന്ന് സ്റ്റേജുകളിലായി ആയിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരക്കും . മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു . കോവെന്ററി റീജിയണിലെ സ്റ്റാഫ്‌ഫോർഡിലാണ് രൂപത ബൈബിൾ കലോത്സവ മത്സരങ്ങൾ നടക്കുക . രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. അന്നേദിവസം വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . കുർബാനയുടെ സമയക്രമം അന്നേ ദിവസം രജിസ്‌ട്രേഷൻ കൗണ്ടർട്ടിൽ നിന്നും ലഭിക്കുന്നതാണ്.

അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികംവൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും . ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് .

മത്സരാർത്ഥികൾ തങ്ങളുടെ ചെസ് നമ്പറിനായി ഓരോ റീജിയനിലെയും കോ ഓർഡിനേറ്റർസുമായി മത്സര ദിവസം ബന്ധപ്പെടേണ്ടതാണ് . മത്സരക്രമത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് ബൈബിൾ അപ്പസ്റ്റോലറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കാം .ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .