കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള സംരംഭങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും അനുകരിക്കപ്പെടേണ്ടതുണ്ടെന്ന് രാഷ്ട്രപതി ശ്രീ പ്രണബ് കുമാര്‍ മുഖര്‍ജി.
സമകാലീന ലോകത്തെ പ്രശ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്നതിന് കലയെപ്പോലെ പ്രാധാന്യമുള്ള മറ്റൊന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സുസ്ഥിര സാംസ്‌കാരിക നിര്‍മിതി’ എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഫോര്‍ട്ട്കൊച്ചി കബ്രാള്‍ യാര്‍ഡില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ചരിത്രമുറങ്ങുന്ന മണ്ണില്‍ സംസ്ഥാനസര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ നടത്തുന്ന ഈ കലാസംരംഭത്തിലൂടെ കേരളത്തിന്റെ കലാസൗഹൃദമാണ് വെളിപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കലാ-സാംസ്‌കാരിക ലോകത്ത് കേരളം പിന്തുടരുന്ന മതേതര കാഴ്ചപ്പാട് പ്രസിദ്ധമാണ്. ഇതിന്റെ ഉദാത്തമായ പ്രതീകമാണ് ഐക്യവും സമഭാവനയും കളിയാടുന്ന കൊച്ചി-മുസിരിസ് ബിനാലെയെന്നും അദ്ദേഹം പറഞ്ഞു.
പൊതുലക്ഷ്യം നേടുന്നതിന് നിരവധി ഏജന്‍സികള്‍ ഒന്നിച്ച് എങ്ങിനെ പ്രവര്‍ത്തിക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ ബിനാലെ. സംസ്‌കാരത്തെ ബഹുമാനിക്കുന്ന, മാനുഷികമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സാസ്‌കാരിക വളര്‍ച്ചയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാടിനെ കലാലോകത്തെ സ്വര്‍ഗമാക്കി ബിനാലെ മാറ്റിയെന്ന് ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രമേയത്തിനനുസരിച്ച് ഒരുക്കിയതില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി പ്രശംസയര്‍ഹിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
രാജ്യത്തിനകത്തേക്കും പുറത്തേക്കും കലയെ സ്വതന്ത്രമായി പ്രവഹിപ്പിക്കുന്ന സ്ഥാപനമാണ് കൊച്ചി ബിനാലെയെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക ജീവിതത്തിന്റെ മുഖപ്രസാദമാണ് ബിനാലെ. ബിനാലെയ്ക്ക് സ്ഥിരം വേദി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ബിനാലെ പുത്തന്‍ ഉണര്‍വ് നല്‍കിയെന്ന് ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമുവും രാഷ്ട്രപതിക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി നന്ദി പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍, എംപി കെ വി തോമസ്, എം എല്‍ എ കെ ജെ മാക്സി, മുന്‍മന്ത്രി എം എ ബേബി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.