അധ്യാപകർ പ്രഖ്യാപിച്ചിരിക്കുന്ന ബുധനാഴ്ചത്തെ പണിമുടക്ക് ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ തുടങ്ങി. ഇതിൻറെ ഭാഗമായി സർക്കാരും യൂണിയൻ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടക്കും. സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗനെയാണ് യൂണിയൻ പ്രതിനിധികൾ കാണുന്നത് . കഴിഞ്ഞ 12 വർഷമായി അധ്യാപകരുടെ വേതനത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ ആരോപിച്ചു .

ഏഴു ദിവസങ്ങളായുള്ള പണിമുടക്കാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. അതിൽ ആദ്യത്തെയാണ് ബുധനാഴ്ച നടക്കുന്നത്. പണിമുടക്ക് നടക്കുകയാണെങ്കിൽ ഇംഗ്ലണ്ടിലേയും വെയിൽസിലേയും ഏകദേശം 23,000 ആളുകളെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരുകൂട്ടർക്കും സമ്മതമായ ഒരു സമവായത്തിലേയ്ക്ക് ചർച്ചകളിലൂടെ എത്തിച്ചേരാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടികളുടെ പഠനവും സുരക്ഷയും ഉറപ്പാക്കാൻ പണിമുടക്കുമായി മുന്നോട്ടുപോകുന്ന അധ്യാപകർ സ്കൂൾ മേധാവികളെ മുൻകൂട്ടി അറിയിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പണിമുടക്കുമായി സഹകരിക്കുന്ന അധ്യാപകർ നേരത്തെ സ്കൂൾ മേധാവികളെ അറിയിക്കാനുള്ള ബാധ്യത ഇല്ലെന്നാണ് യൂണിയനുകളുടെ നിലപാട് . വിദ്യാഭ്യാസ സെക്രട്ടറിയുടെ അഭ്യർത്ഥന അവഗണിക്കാനാണ് നാഷണൽ എഡ്യൂക്കേഷൻ യൂണിയൻ തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.