വാഷിങ്ടണ്‍: അമേരിക്കൻ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരുടേതായി അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റംവരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. ഭരണഘടനാ ഭേദഗതി ചെയ്യാതെ പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.അമേരിക്കയില്‍ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാര്‍ഥികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം.

അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തുകളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് മാധ്യമത്തോട് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM

അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും വിസാനിയത്രണവും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് ഓർഡർ കോടതിയിലെത്തുമെന്ന് നിയമവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

[ot-video][/ot-video]