ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തില്‍ ഭാവി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നിര്‍ണായക സമ്മേളനം നവംബര്‍ 20 മുതല്‍ 22 വരെ ന്യൂട്ടണിലുള്ള കെഫന്‍ലി പാര്‍ക്കില്‍ നടക്കുമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷമുള്ള ആദ്യ വര്‍ഷം മുഴുവന്‍ രൂപതയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ നേരില്‍ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കല്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ രൂപം നല്‍കുന്നതിന് രൂപതയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാ സമ്മേളനം രൂപതാധ്യക്ഷന്‍ വിളിച്ചിരിക്കുന്നത്.

ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യാസിനികളും ഓരോ വിശുദ്ധ കുര്‍ബാനകേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളുമായിരിക്കും. അല്‍മായ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രത്തിലെയും പ്രധാന മതാധ്യാപകന്‍, കൈക്കാരന്‍, അധ്യാപകന്‍, കമ്മിറ്റി അംഗങ്ങള്‍, മറ്റേതെങ്കിലും നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും. രണ്ട് ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനായോഗത്തില്‍ യു.കെ.യുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വിശ്വാസസാക്ഷ്യം നല്‍കുന്നതിനെപറ്റിയും വിശ്വാസ കൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെക്കുറിച്ചും സഭാ ശുശ്രൂഷകളില്‍ അല്‍മായര്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രൂപതാ തലത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സഭാമക്കള്‍ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യുവാനും എടുക്കുന്ന വലിയ ആവേശവും ഉല്‍സാഹവും കാണാനായത് ഏറെ സന്തോഷം നല്‍കിയെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ച് വിളിച്ച് കൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്‍മപദ്ധതികള്‍ രൂപം നല്‍കാന്‍ ശ്രമിക്കുന്നത് ബഹുജന പങ്കാളിത്തത്തിലാണ് സഭയുടെ വളര്‍ച്ച എന്ന ബോധ്യം കൂടുതല്‍ ആഴപ്പെടാന്‍ സഹായകമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായതു മുതല്‍ ഒരു പുത്തന്‍ ഉണര്‍വ് യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികളില്‍ പ്രകടമായത് അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും പുതിയ മെത്രാന്റെ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നതിന്റെയും വിശ്വാസികള്‍ പൂര്‍ണമനസോടെ ഈ ശ്രമങ്ങളുടെ കൂടെ നില്‍ക്കുന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വാല്‍സിംഹാം തിരുനാളില്‍ ഇത്തവണ ദൃശ്യമായത്.