വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍. കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനായ സജിയുടെ പേരില്‍ മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ബാലഭവന്റെ ചുമതലക്കാരനായിരുന്നു ഇയാള്‍.

കഴിഞ്ഞ അധ്യയന വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ അവധിക്കാലത്ത് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആണ്‍കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു. പീഡനത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ ചൈല്‍ഡ് ലൈന്‍ കുട്ടികളെ കൗണ്‍സലിംഗിന് വിധേയരാക്കി. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. ബാലഭവന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.