ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രണ്ടുതവണ വിവാഹമോചനം നേടിയ ബോറിസ് ജോൺസനെ പള്ളിയിൽ പുനർവിവാഹം ചെയ്യാൻ അനുവദിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പുരോഹിതൻ. പ്രതിശ്രുത വധു കാരി സൈമണ്ട്സിനെ ലളിതമായ സ്വകാര്യ ചടങ്ങിലാണ് ജോൺസൻ വിവാഹം ചെയ്തത്. റോമൻ കാത്തലിക്ക് വെസ്റ്റ് മിനിസ്റ്റർ കത്തീഡ്രലിലാണ് വിവാഹം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ മുമ്പ് അല്ലെഗ്ര മോസ്റ്റിൻ-ഓവനുമായി ആറ് വർഷക്കാലത്തെ വിവാഹജീവിതം നയിച്ച പ്രധാനമന്ത്രി അതിന് ശേഷം മറീന വീലറുമായി 27 വർഷത്തെ ദാമ്പത്യജീവിതം നയിച്ചു. അതേസമയം മുൻ പങ്കാളി ജീവിച്ചിരിപ്പുണ്ടെങ്കിൽ വിവാഹമോചിതന് പള്ളിയിൽ വെച്ച് പുനർവിവാഹം ചെയ്യാൻ കത്തോലിക്കാ കാനോൻ നിയമം അനുവദിക്കുന്നില്ല. വിവാഹമോചിതരായ സ്വന്തം സഭാംഗങ്ങൾക്ക് പള്ളിയിൽ പുനർവിവാഹം ചെയ്യാനുള്ള അവസരം നിഷേധിച്ചതിനെ തുടർന്ന് കത്തോലിക്കാ പുരോഹിതൻ ഫാദർ മാർക്ക് ഡ്രൂ തന്റെ നിരാശ ട്വിറ്ററിൽ പങ്കുവെച്ചു.
“ഈറ്റനിലായിരുന്നപ്പോൾ കത്തോലിക്കാസഭയിൽ നിന്ന് പുറത്തുപോയി രണ്ടുതവണ വിവാഹമോചനം നേടിയ ബോറിസ് ജോൺസൻ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ച് എങ്ങനെ വിവാഹം ചെയ്തുവെന്ന് ആരെങ്കിലും വിശദീകരിക്കാമോ? അതേസമയം വിശ്വാസത്തിൽ നിലനിൽക്കുന്ന, രണ്ടാം വിവാഹം ആഗ്രഹിക്കുന്ന കത്തോലിക്കരെ പള്ളിയിൽ വെച്ച് വിവാഹം ചെയ്യിപ്പിക്കുന്നത് അസാധ്യമാണ്.” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നിരുന്നാലും, ജോൺസന്റെ അവസാന രണ്ട് വിവാഹങ്ങളും കത്തോലിക്കാ ചടങ്ങുകളായി സഭ കണക്കാക്കുന്നില്ല. “നിങ്ങൾ ഒരു റോമൻ കത്തോലിക്കനാണെങ്കിൽ നിങ്ങളുടെ വിവാഹത്തിന് ഒരു റോമൻ കത്തോലിക്കാ പുരോഹിതനോ ഡീക്കനോ മേൽനോട്ടം വഹിക്കണം.” സഭാ, കാനോൻ അഭിഭാഷകനായ മാറ്റ് ചിനറി ടൈംസ് റേഡിയോയോട് പറഞ്ഞു.
കത്തോലിക്കാസഭയ്ക്ക് പുറത്ത് വിവാഹം കഴിക്കാൻ നിങ്ങളുടെ ബിഷപ്പിന്റെ മുൻ അനുമതി ലഭിച്ചില്ലെങ്കിൽ മറ്റേതെങ്കിലും വിവാഹത്തിന് സാധുതയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി ഒരു കത്തോലിക്കനായി സ്നാനമേറ്റെങ്കിലും സ്വകാര്യ സ്കൂളിൽ പഠിക്കുമ്പോൾ ആംഗ്ലിക്കൻ ആയി സ്ഥിരീകരിക്കപ്പെട്ടു. കത്തീഡ്രലിലെ വിവാഹത്തെത്തുടർന്ന് ജോൺസനും സിമൻസും നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിലെ പൂന്തോട്ടത്തിൽ ഒരു ചെറിയ സ്വീകരണം ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ദമ്പതികൾക്ക് വിവാഹത്തിന് മുമ്പുള്ള നിർദ്ദേശങ്ങൾ നൽകുകയും മകൻ വിൽഫ്രെഡിനെ സ്നാനപ്പെടുത്തുകയും ചെയ്ത പുരോഹിതൻ ഡാനിയൽ ഹംഫ്രീസ് ആണ് ഇവരുടെ വിവാഹത്തിന് മുഖ്യ കാർമികത്വം വഹിച്ചത്.
Leave a Reply