ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് നിയന്ത്രണങ്ങൾ ജൂലൈ -19ന് പിൻവലിക്കുമെന്ന് പറയുമ്പോഴും പ്രാദേശിക തലത്തിൽ എങ്ങനെയാണ് നടപ്പാക്കപ്പെടുക എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉള്ളതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 19 -ന് ശേഷം ലണ്ടനിൽ പൊതു ഗതാഗതത്തിന് മാസ്കുകൾ നിർബന്ധിതമായിരിക്കുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു. ടാക്സി ഡ്രൈവർമാരും തലസ്ഥാനത്തെ യാത്രക്കാരും മാസ്ക് ധരിക്കുന്നത് തുടരേണ്ടതായിവരും. സ്കോട്ട്‌ലൻഡിലും വെയിൽസിലും മാസ്കുകൾ നിർബന്ധമായും ധരിക്കേണ്ടതായി വരുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലെ ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർ യാത്രക്കാരെ മാസ്ക് ധരിക്കാൻ നിർബന്ധിക്കില്ലെന്ന് സൂചിപ്പിച്ചു.

നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് ഗവൺമെന്റും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലേബർ പാർട്ടി മേയറായുള്ള സാദിഖ് ഖാന്റെ നീക്കം. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കമായി ഗവൺമെൻറ് മുന്നോട്ട് പോകുമ്പോഴും വർദ്ധിച്ചുവരുന്ന രോഗ വ്യാപനത്തിൽ കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. യുകെയിൽ പല സ്ഥലങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണം രാജ്യത്തെ ശരാശരി രോഗവ്യാപനത്തേക്കാൾ ഇരട്ടിയിലധികമാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ജൂലൈ 19 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന കണക്കുകൾ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണെന്നും നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഈ സാഹചര്യത്തിൽ വളരെ നേരത്തെ ആണെന്നും ലോകാരോഗ്യസംഘടന യുകെയ്ക്ക് മുന്നറിയിപ്പ് നൽകി. നോർത്ത് ഈസ്റ്റും യോർക്ക് ഷെയറുമാണ് പുതിയ ഹോട്ട്സ്പോട്ട് പട്ടികയിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്.