ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നാറ്റോ മിഷന്റെ ഭാഗമായി അഫ് ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിൽ ഭൂരിഭാഗം പേരും ബ്രിട്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ബാക്കിയുള്ളവരും ഉടൻതന്നെ എത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പിൻവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2001 മുതൽ താലിബാൻ, അൽ- ഖായിദ തുടങ്ങിയവരുമായുള്ള ഏറ്റുമുട്ടലുകളിൽ ഏകദേശം 450 ഓളം ബ്രിട്ടീഷ് സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ ഇത്തരത്തിൽ വിദേശ സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുന്നത് അഫ് ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്ന് ബ്രിട്ടന്റെ മുതിർന്ന ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസും സെപ്റ്റംബർ 11 ഓടെ തങ്ങളുടെ മുഴുവൻ സൈനികരെയും അഫ് ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് നീക്കം.


2001 മുതലാണ് നാറ്റോ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 1,30,000ത്തോളം സൈനികരെ അഫ് ഗാനിസ്ഥാനിൽ വിന്യസിപ്പിച്ചത്. 2014-ൽ തന്നെ ഭൂരിഭാഗം സൈനികരും ബ്രിട്ടണിൽ മടങ്ങിയെത്തിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ബാക്കിയുണ്ടായിരുന്ന ഏകദേശം 750 ഓളം പേരാണ് ഉടനടി മടങ്ങുന്നത്. 20 വർഷം കൊണ്ട് നേടിയ വിജയത്തിൽ ആരും സംശയം പ്രകടിപ്പിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. 20 വർഷം മുൻപ് ലോക തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രം ആയിരുന്നു അഫ് ഗാനിസ്ഥാനെങ്കിൽ, ഇന്ന് സാഹചര്യങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ വന്നതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ ട്രൂപ്പുകളുടെ പിൻവാങ്ങലിനെ സംബന്ധിച്ച് പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

അൽ -ഖായിദയെയും മറ്റു തീവ്രവാദ സംഘടനകളെയും പ്രദേശത്ത് വളർത്തുവാൻ സമ്മതിക്കില്ലെന്ന ഉറപ്പോടെ താലിബാനും നാറ്റോ രാജ്യങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇതേ തുടർന്നാണ് സെപ്റ്റംബറോടുകൂടി തങ്ങളുടെ സൈനികരെ പിൻവലിക്കുവാൻ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ താലിബാൻ കൂടുതൽ പ്രദേശങ്ങൾ കയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്. ഇത്രയും വർഷം കൊണ്ട് ബ്രിട്ടീഷ് സൈനികർ നേടിയെടുത്തത് ചെറിയ കാര്യമല്ലെന്ന് ആർമഡ് ഫോഴ്സസ് ഹെഡ് ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ പ്രവർത്തനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ധാരണ കൊണ്ട് താലിബാനാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നേർ കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദം ഇല്ലാതാക്കുന്നതിന് ബ്രിട്ടനിലെ എല്ലാ സഹായങ്ങളും അഫ് ഗാനിസ്ഥാന് തുടർന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.