ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ലണ്ടനിലും, തെക്കു കിഴക്കൻ പ്രവിശ്യയിലും നാലാം ഘട്ട ലോക്ക്ഡൗൺ നിബന്ധനങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 18 മില്യനോളം ആളുകൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ ഉള്ള അവസരം ഇതോടെ നഷ്ടമാകും. യാത്രകളും, കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലും ഈ ഘട്ടത്തിൽ അനുവദനീയമല്ല. തന്റെ ക്രിസ്മസ് ഈ ജനങ്ങൾക്ക് വേണ്ടി ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ തരത്തിലുള്ള കൊറോണവൈറസ് ലണ്ടനിലും മറ്റും വ്യാപിക്കുന്നതിനെ തുടർന്നാണ് ഇത്തരത്തിലുള്ള കർശന നിയമങ്ങൾ ഏർപ്പെടുത്തിയത്. ജനങ്ങൾ സാഹചര്യത്തെ മനസ്സിലാക്കണം എന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായാണ് അവരെ സന്ദർശിക്കുന്നത് നാം ഒഴിവാക്കുന്നതെന്നു ജനങ്ങൾ മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്കോട്ട്‌ലൻഡിലും ലോക്ക്ഡൗൺ നിബന്ധനകൾ കർശനമാക്കിയിരിക്കുകയാണ്. സ്കോട്ട്ലൻഡിൽ നിന്നും യുകെയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. വെയിൽസിലും ഇന്നുമുതൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ നോർത്തേൺ അയർലൻഡിൽ ഡിസംബർ 26ന് ശേഷം മാത്രമേ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
മറ്റൊരു വഴിയും മുന്നിൽ ഇല്ലാത്തതിനാലാണ് ക്രിസ്മസ് കാലത്ത് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ പ്രശ്നമുണ്ടാക്കും എന്നാണ് ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. സർക്കാർ എടുത്ത തീരുമാനത്തോട് ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ഓർമിപ്പിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ മോശമാണെങ്കിലും, വാക്സിൻ ഒരു പരിധിവരെ സാഹചര്യങ്ങളെ നേരെ ആക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇംഗ്ലണ്ട് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി രേഖപ്പെടുത്തി. ജനിതക മാറ്റം സംഭവിച്ച് പുതിയ വേറെ 70 ശതമാനത്തോളം കൂടുതൽ രോഗബാധ ഉണ്ടാക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ കൈക്കൊണ്ടത്.
Leave a Reply