ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യരംഗത്ത് യുകെയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം. 2040 ആകുമ്പോഴേക്കും രോഗബാധിതരായ ജനങ്ങളുടെ എണ്ണം നിലവിലെ അപേക്ഷിച്ച് 9 മടങ്ങ് വർദ്ധിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്രയും കൂടുതൽ ആളുകൾക്ക് രോഗബാധിതരാക്കുന്നത് രാജ്യത്തെ ആരോഗ്യ സംവിധാനത്തെ നിയന്ത്രിക്കുന്ന എൻഎച്ച്എസിനെ കടുത്ത പ്രതിസന്ധിയിലാക്കും.


2040 ആകുമ്പോഴേക്കും 9.1 ദശലക്ഷം ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് 2019 -നെ അപേക്ഷിച്ച് 37% വർദ്ധനവാണ്. ഹെൽത്ത് ഫൗണ്ടേഷന്റെ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. പൊണ്ണത്തടിയാണ് രോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ ഇത് യുകെയുടെ മാത്രം പ്രശ്നമല്ലെന്ന് പ്രമുഖ ഗവേഷകയായ അതിത ചാൾസ്വർത്ത് പറഞ്ഞു . ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പൊതുവെ വൈദ്യശാസ്ത്ര രംഗത്ത് കൈവരിക്കുന്ന പുരോഗതി മൂലം ജനങ്ങളെ പൊതുവെ ബാധിക്കുന്ന രോഗ പീഢകൾക്ക് കാലം ചെല്ലുംതോറും കുറവ് ഉണ്ടാകുമെന്ന വിലയിരുത്തലിന് ഘടകവിരുദ്ധമായാണ് ഹെൽത്ത് ഫൗണ്ടേഷന്റെ കണ്ടെത്തൽ . കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രായമായ വരിലായിരിക്കും. അതുകൊണ്ട് തന്നെ പ്രായമായവരെ സംരക്ഷിക്കുന്നതിനുള്ള സാമൂഹിക പരിചരണത്തിന് കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഹെൽത്ത് മാനേജർമാരെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫിഡറേഷനിലെ ഡോ. ലെയ്‌ല മക്കേ പറഞ്ഞു.