ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് മാനദണ്ഡങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച നാല് പ്രധാന നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ ലോക്ക് ഡൗണിനെ സംബന്ധിച്ചും, കോവിഡ് പാസ്പോർട്ടുകൾ , സോഷ്യൽ ഡിസ്റ്റൻസിങ്, അവധിക്കാല ആഘോഷങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഏറ്റവും പ്രധാനം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമോ എന്നുള്ളതാണ്. മാർച്ച് 29 മുതൽ തന്നെ ആറ് പേർക്ക് വരെ ഒരുമിച്ച് പുറത്ത് കൂടാം എന്നുള്ള ഇളവ് അനുവദിച്ചിരുന്നു. പുതിയതായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളിൽ പബ്ബുകൾ, ജിമ്മുകൾ, ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ തുറന്ന പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോക്ക്ഡൗൺ നീക്കുന്നതിലേക്കുള്ള അടുത്തഘട്ടം ആയിരിക്കും തിങ്കളാഴ്ചത്തെ അറിയിപ്പുകൾ എന്നാണ് ജനം പ്രതീക്ഷിക്കുന്നത്. ക്യാമ്പ് സൈറ്റുകളും, അവധിക്കാലം ആഘോഷിക്കുന്ന സ്ഥലങ്ങളും എല്ലാം തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

നിലവിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്. ന്യായമായ കാരണങ്ങളില്ലാതെ ഇംഗ്ലണ്ടിൽ നിന്ന് പുറത്തു പോകുന്നവർക്ക് 5000 പൗണ്ട് ഫൈൻ വരെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിദേശ യാത്രകളെ സംബന്ധിച്ച് കൂടുതൽ വ്യക്തമായ അറിയിപ്പുകൾ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടാകും. കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗത്തെ പറ്റിയും അദ്ദേഹം സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവധിക്കാല ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും ജനം പ്രതീക്ഷിക്കുന്നു.


ഇതോടൊപ്പംതന്നെ കോവിഡ് പാസ്പോർട്ട് സംവിധാനം ഉടൻ തന്നെ നടപ്പിലാക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി അറിയിക്കും. അത്യാവശ്യ സ്ഥലങ്ങളായ ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പാസ്പോർട്ട്‌ നിർബന്ധമാകില്ല എന്നാണ് ഇതുവരെയുള്ള തീരുമാനം. ഈ സ്കീം നടപ്പാക്കുന്നത് കൂടുതൽ ആളുകളെ വാക്സിൻ എടുക്കുന്നതിനു പ്രേരിപ്പിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ ഓർമ്മിപ്പിച്ചിരുന്നു. ഈ മാസം തന്നെ കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗം ആരംഭിക്കും.


സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിർദ്ദേശങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിൽ ഉടനീളം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ തിങ്കളാഴ്ചത്തെ പ്രസംഗത്തെ ഉറ്റു നോക്കിയിരിക്കുകയാണ് രാജ്യം മുഴുവനും.