ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക്സിറ്റ് വ്യാപാര കരാർ നേടിയെടുക്കുന്നതിനായി മുന്നിട്ടിറങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നെ സന്ദർശിക്കാൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച ബ്രസൽസിലേക്ക് പോകും. ഇരുനേതാക്കളും തമ്മിലുള്ള 90 മിനിറ്റ് ഫോൺ സംഭാഷണത്തെ തുടർന്നാണ് ഈയൊരു തീരുമാനം ജോൺസൻ കൈകൊണ്ടത്. മത്സ്യബന്ധനം, ബിസിനസ്സ് നിയമങ്ങൾ തുടങ്ങിയവയിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റും തമ്മിലുള്ള ഫോൺ കോളിന് ശേഷം കരാർ സാധ്യമാകില്ലെന്ന് യുകെയിലെ സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ഒരു വ്യാപാര കരാർ ഉറപ്പാക്കുന്നതിനുള്ള അവസാന നീക്കമാണ് ഈ കൂടിക്കാഴ്ച. കരാർ കൂടാതെ പുറത്തുപോയാൽ അത് ഇരുവിഭാഗത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കും.
“ചർച്ചകൾ വെള്ളിയാഴ്ച ഉണ്ടായിരുന്ന അതേ നിലയിലാണ്. ഞങ്ങൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.” സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു കരാർ നേടിയെടുക്കുന്നതിന്റെ സമയപരിധി അവസാനിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മൈക്കൽ ബാർനിയറും യുകെ കൗണ്ടർപാർട്ട് ലോർഡ് ഫ്രോസ്റ്റും കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളുടെ പട്ടിക തയ്യാറാക്കും. ലേബർ പാർട്ടി ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ചർച്ചകളിൽ കൂടുതൽ ഏർപ്പെട്ടിരിക്കേണ്ടതായിരുന്നുവെന്ന് ഷാഡോ കാബിനറ്റ് ഓഫീസ് മന്ത്രി റേച്ചൽ റീവ്സ് പറഞ്ഞു.
ഡിസംബർ 31 നകം ഒരു കരാറിലെത്താൻ സാധിക്കുന്നില്ലെങ്കിൽ, യുകെയ്ക്കും യൂറോപ്യൻ യൂണിയനും പരസ്പരം ചരക്കുകളിൽ ഇറക്കുമതി നിരക്കുകൾ ഏർപ്പെടുത്താം. വ്യാപാര കരാറില്ലാതെ യൂറോപ്യൻ യൂണിയൻ കസ്റ്റംസ് യൂണിയനും സിംഗിൾ മാർക്കറ്റും ഉപേക്ഷിക്കുന്നത് അടുത്ത വർഷം ദേശീയ വരുമാനത്തിൽ 2% കുറവുണ്ടാക്കുമെന്ന് യുകെ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി അറിയിച്ചു. മുഖാമുഖമുള്ള കൂടിക്കാഴ്ചയിൽ ഒരു കരാർ നേടിയെടുത്ത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ബോറിസ് ജോൺസൻ ഒരുങ്ങുമെന്ന പ്രതീക്ഷ പൊതുജനങ്ങൾക്കുണ്ട്.
Leave a Reply