ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വിശ്വാസ വോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വിജയം. 211 എംപിമാർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാന്‍ 180 വോട്ടാണ് ആവശ്യം. വിശ്വാസ വോട്ടെടുപ്പ് ഫലം നിർണായകമാണെന്ന് ജോൺസൻ പ്രതികരിച്ചു. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസ് ജോൺസണിന്‍റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ നിയമപ്രകാരം ഇനി ഒരുവർഷത്തേക്ക് എംപിമാർക്ക് വിശ്വാസവോട്ടെടുപ്പിന് ആവശ്യപ്പെടാൻ കഴിയില്ല. വോട്ടെടുപ്പ് അനുകൂലമായതിനാല്‍ ഒരുവര്‍ഷംകൂടി ബോറിസിന് പ്രധാനമന്ത്രിസ്ഥാനത്ത് തുടരാൻ കഴിയും. എന്നാൽ അത് കൂടുതൽ കഠിനമാകാനാണ് സാധ്യത.
പാർട്ടിയിൽ നിന്നുള്ള 59% വോട്ടുകൾ നേടിയെങ്കിലും അധികാരം ദുർബലമാകുന്നതിന്റെ സൂചനയാണിതെന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രി തെരേസ മേയും 2018-ൽ പാർട്ടി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചിരുന്നു. 63% വോട്ടുകളാണ് നേടിയത്. എന്നാൽ ആറുമാസത്തിനുശേഷം ബ്രെക്‌സിറ്റ് പ്രതിസന്ധിയെത്തുടർന്ന് തെരേസ മേ രാജിവെച്ചു.
കൺസർവേറ്റീവ് പാർട്ടി ചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. 650 അംഗ പാർലമെന്‍റിൽ 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. സ്വന്തം പാർട്ടിക്കകത്ത് നിന്നാണ് ബോറിസിന് വോട്ടെടുപ്പ് നേരിടേണ്ടി വന്നതെങ്കിലും പ്രധാനമന്ത്രിക്കെതിരായ നീക്കങ്ങളെ പ്രതിപക്ഷമായ ലേബർ പാർട്ടിയും ശ്രദ്ധയോടെയാണ് നോക്കിക്കണ്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാര്‍ട്ടിഗെയ്റ്റ് വിവാദത്തിലാണ് ജോണ്‍സനെതിരേ സ്വന്തം പാര്‍ട്ടിയിൽ നിന്ന് തന്നെ എതിര്‍പ്പുയര്‍ന്നത്. വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച് ബോറിസ് പാർലമെന്‍റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും ഉറച്ച് നിൽക്കുകയായിരുന്നു. വിവാദത്തെത്തുടർന്ന് രൂപീകരിച്ച അന്വേഷണ കമ്മീഷൻ ബോറിസിന്‍റെ വസതിയ്ക്ക് പുറമെ മറ്റ് മന്ത്രി മന്ദിരങ്ങളിലും സമാനമായ പാർട്ടി നടന്നിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ എംപിമാർ ബോറിസിനെതിരെ വിശ്വാസവോട്ടിന് കത്ത് നൽകിയത്.
Leave a Reply