ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഹീത്രൂ എയർപോർട്ടിലെ നൂറുകണക്കിന് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർ പണിമുടക്കിലേക്ക്. ചെക്ക്-ഇനിലുള്ള യുണൈറ്റ്, ജിഎംബി യൂണിയൻ അംഗങ്ങളാണ് പണിമുടക്കിനെ അനുകൂലിച്ച് ഇന്ന് വോട്ട് ചെയ്തത്. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ ബ്രിട്ടീഷ് വ്യോമയാനമേഖലയെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ നീക്കം. 700 ജീവനക്കാരാണ് വേനലവധിക്കാലത്ത് പണിമുടക്കാൻ ഒരുങ്ങുന്നത്. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ പത്തു ശതമാനം ശമ്പള വെട്ടിക്കുറവ് പുനഃസ്ഥാപിക്കാത്തതിനെ തുടർന്നാണ് ഈ നടപടിയെന്ന് യൂണിയനുകൾ പറഞ്ഞു.

യുണൈറ്റിലെ 500 അംഗങ്ങൾ സമരത്തിനനുകൂലമായി 94.7% വോട്ട് രേഖപ്പെടുത്തി. അതേസമയം, 95% ജിഎംബി അംഗങ്ങൾ സമരത്തെ അനുകൂലിച്ചു. സമര തീയതികൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ ഹീത്രൂവിലെ മൂന്ന്, അഞ്ച് ടെർമിനലുകൾ കൂടുതൽ പ്രതിസന്ധിയിലാകും. മറ്റ് ബ്രിട്ടീഷ് എയർവേയ്‌സ് ജീവനക്കാർക്ക് 10% ബോണസ് നൽകിയിട്ടുണ്ടെങ്കിലും ചെക്ക്-ഇൻ സ്റ്റാഫിന് യാതൊരു നേട്ടവുമില്ലെന്ന് ജിഎംബി അറിയിച്ചു.

ഒരു പരിഹാരം കാണുന്നതിന് യൂണിയനുകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എയർലൈൻ വ്യക്തമാക്കി. ജീവനക്കാരുടെ വേതനം ‘പ്രീ-പാൻഡെമിക്’ ഘട്ടത്തിലേക്ക് ഉയർത്തണമെന്നാണ് വ്യാപകമായ ആവശ്യം. യുകെയിലുടനീളമുള്ള നൂറുകണക്കിന് വിമാനങ്ങൾ പ്ലാറ്റിനം ജൂബിലി ആഴ്‌ചയിലും സ്‌കൂൾ അർദ്ധകാല അവധി ദിനങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ ക്ഷാമവും യാത്രക്കാരുടെ ബാഹുല്യവും മേഖലയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ്. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം മുപ്പത്തിലേറെ വിമാനങ്ങൾ കഴിഞ്ഞാഴ്ച റദ്ദാക്കിയിരുന്നു.