സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിന് ചികിത്സ തേടിയ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. പ്രധാനമന്ത്രിയുടെ തിരിച്ചുവരവ് ബ്രിട്ടനിലെ ജനങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ്. തന്റെ മെഡിക്കൽ ടീമിന്റെ ഉപദേശപ്രകാരം ജോൺസൺ ഉടൻ ജോലിയിൽ തിരിച്ചെത്തുകയില്ലെന്നും തന്റെ വസതിയിൽ വിശ്രമിച്ച്, സുഖം പ്രാപിക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. വ്യാഴാഴ്ച ജനറൽ വാർഡിലേക്ക് മടങ്ങുന്നതിനുമുമ്പ് മൂന്ന് രാത്രികൾ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണമുഖത്തുനിന്നുള്ള ജോൺസന്റെ തിരിച്ചുവരവ് അതിജീവനത്തിന്റെ പാഠമാണ്. തന്റെ ജീവൻ രക്ഷിച്ചതിന് ജോൺസൺ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. സെന്റ് തോമസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം റെക്കോർഡുചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി പറഞ്ഞു. പ്രധാനമായി സ്റ്റാഫ് നഴ്‌സ് ലൂയിസ് പിത്താർമ (29), ജെന്നി മക്ഗീ (35) എന്നിവരോട് ജോൺസൻ നന്ദി അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ 48 മണിക്കൂറോളം ജോൺസനെ പരിചരിച്ചത് ഇവരായിരുന്നു. എന്നാൽ പ്രശംസ കേട്ടിരിക്കുകയല്ല, രാത്രി ഷിഫ്റ്റിനായി അവർ ജോലിയിൽ വീണ്ടും തിരിച്ചെത്തി. ഏപ്രിൽ 5 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസനെ അടുത്ത ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഏപ്രിൽ 9 വരെ അദ്ദേഹം അവിടെ തുടർന്നു. അതിനുശേഷമാണ് ഇപ്പോൾ രോഗമുക്തനായി വസതിയിലേക്ക് പോകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബ്രിട്ടനിൽ കൊറോണ വൈറസ് മരണങ്ങൾ 10000 കടന്നു. ഇന്നലെ മാത്രം 737 പേർ മരണപെട്ടു. ഇതോടെ ആകെ മരണസംഖ്യ 10612 ആയി ഉയർന്നു. കോവിഡ് 19 മരണങ്ങൾ പതിനായിരം കടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് യുകെ. ഇന്നലെ 5288 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 84,279 ആയി. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ ആശുപത്രികൾക്ക് പുറത്തുള്ള മരണങ്ങൾ ഉൾപ്പെടുന്നില്ല. രോഗികളുടെ എണ്ണത്തിൽ ബ്രിട്ടൻ ചൈനയെ മറികടന്നു. പിടിച്ചുകെട്ടാൻ ആവാത്ത വിധം രോഗം പടർന്നുപിടിക്കുകയാണ്. മരണസംഖ്യ ഉയരുന്നതിനാൽ യൂറോപ്പിലെ തന്നെ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി യുകെ മാറുകയാണെന്ന് സർക്കാരിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ   എമർജൻസി (സേജ്) അംഗം ജെറമി ഫറാർ മുന്നറിയിപ്പ് നൽകി. ജോൺസ് ഹോപ്കിൻസ് സർവകലാശാല തയ്യാറാക്കിയ കണക്കുകൾ പ്രകാരം നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുള്ളത് ഇറ്റലിയിലാണ് – 19,000 ത്തിലധികം. സ്പെയിൻ, ഫ്രാൻസ്, യുകെ എന്നിവരാണ് തൊട്ടുപിന്നിൽ.

ഇന്നലെ മാത്രം വൈറസ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1,528 പേരാണ് അമേരിക്കയില്‍ ഒരു ദിവസം കൊണ്ട് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 22,115 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് നഗരമാണ് അമേരിക്കയിലെ രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ട്. ഇവിടെ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. അതേസമയം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇറ്റലിയില്‍ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 431 ആളുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇറ്റലിയില്‍ ഇന്നലെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 19,899 ആയി. സ്പെയിനിൽ മരണസംഖ്യ 17,000 കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.