ലിസാ മാത്യു , മലയാളം യുകെ ന്യൂസ് ടീം 

യു കെ :- ബ്രിട്ടനിലേക്ക് കോവിഡ് വാക്സിൻ എത്തുന്നത് തടയാനുള്ള യൂറോപ്യൻ യൂണിയന്റെ ശ്രമം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇടപെടലിൽ ഉപേക്ഷിക്കപ്പെട്ടു. ബെൽജിയത്തിലെ ഒരു ഫാക്ടറിയിൽ നിന്നും 3.5 മില്യൺ ഡോസ് ഫൈസർ വാക്സിൻ ബ്രിട്ടനിലേക്ക് എത്തുന്നത് തടയാനാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുളാ വോൺ ഡേർ ലേയിൻ ശ്രമിച്ചത്. ഇതോടൊപ്പംതന്നെ നോർത്ത് അയർലൻഡിന്റെ ബോർഡറിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവും ബോറിസ് ജോൺസന്റെ ഇടപെടലിൽ അവർ ഉപേക്ഷിച്ചു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ പ്രസിഡന്റുമായി വിവാദ തീരുമാനത്തെ സംബന്ധിച്ച് ഫോൺ സംഭാഷണങ്ങൾ നടത്തി. വാക്‌സിൻ തടയുന്നത് ബ്രിട്ടണിലെ നിരവധി ആളുകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെയാണ് ഉർസുളാ തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് മാറിയത്. തങ്ങൾക്ക് ഒരു തെറ്റ് പറ്റിയതായി യൂറോപ്യൻ യൂണിയൻ തിരിച്ചറിഞ്ഞെന്നും, ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ നടന്നെന്നും ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


യൂറോപ്യൻ യൂണിയന്റെ നീക്കം തികച്ചും തെറ്റായിരുന്നുവെന്ന് നോർത്തേൺ അയർലൻഡ് പ്രഥമ മന്ത്രി അർലിൻ ഫോസ്റ്റർ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇടപെടൽ മികച്ചതായിരുന്നു എന്നും, ഇത് ഗവൺമെന്റിന്റെ വിജയ നിമിഷം ആണെന്നും ടോറി എംപിമാർ അവകാശപ്പെട്ടു. യുകെയിൽ മൊത്തം ജനസംഖ്യയിലെ 12 ശതമാനത്തോളം ആളുകൾക്ക് വാക്സിൻ ലഭിച്ചുകഴിഞ്ഞു. എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മൊത്തമായി, 2.5 ശതമാനം ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ ഇതുവരെ ലഭിച്ചത്.


വെള്ളിയാഴ്ച വൈകിട്ടാണ് ഈ വിവാദങ്ങൾ എല്ലാംതന്നെ ആരംഭിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഭാവി നമ്മളാണ് തീരുമാനിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇത്തരമൊരു നീക്കം, യൂറോപ്യൻ യൂണിയൻ പ്രസിഡന്റായുള്ള ഉർസുളയുടെ സ്ഥാനത്തിനേറ്റ തിരിച്ചടിയാണ്. നിരവധി ആളുകൾ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.