ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്തുമസ് ആഘോഷ പരിപാടിയോട് അനുബന്ധിച്ച് വിവിധ മത അധ്യക്ഷൻമാരെ ക്ഷണിച്ച അവസരത്തിൽ ഫാദർ ജോസഫ് സ്രാമ്പിക്കലിന് കിയർ സ്റ്റാർമറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. സീറോ മലബാർ സഭയുടെ യുകെയിലുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ക്ഷണം. ഡിസംബർ 10-ന് ഡൗൺിംഗ് സ്‌ട്രീറ്റിൽ ആയിരുന്നു പരിപാടി ഒരുക്കിയിരുന്നത് . രാജ്യത്തിന് ആത്മീയവും സാമൂഹികവുമായി സേവനം ചെയ്യുന്ന വിവിധ ക്രൈസ്തവ നേതാക്കളെ ആദരിക്കാനായിരുന്നു പ്രധാനമന്ത്രി ഈ കൂട്ടായ്മ സംഘടിപ്പിച്ചത്.

സീറോ–മലബാർ സമൂഹം യുകെയിൽ നടത്തുന്ന സേവനങ്ങൾ, പ്രത്യേകിച്ച് എൻ.എച്ച്.എസ് ഉൾപ്പെടെയുള്ള ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളി പ്രൊഫഷണലുകൾ, രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നമ്മുടെ സമൂഹത്തിന്റെ നിശബ്ദമായെങ്കിലും ശക്തമായ ഈ സംഭാവനകൾ ഈ ചടങ്ങിലൂടെ വീണ്ടും ദേശീയ സമൂഹത്തിൽ ചർച്ചയാകുന്നതിന് ഈ ചടങ്ങ് കാരണമായി. സീറോ മലബാർ സമൂഹം ഉൾപ്പെടുന്ന മലയാളി സമൂഹം സ്നേഹവും ഉത്തരവാദിത്തവും നിറഞ്ഞ സേവനത്തിലൂടെ ബ്രിട്ടൻ്റെ ഹൃദയത്തിൽ മാറ്റാനാവാത്ത സ്ഥാനം നേടിയിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ വിലയിരുത്തി.

കേരള–ബ്രിട്ടൻ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ സാംസ്കാരിക ഇടപെടലുകൾ, സമൂഹ മൈത്രി പ്രവർത്തനങ്ങൾ, സാമ്പത്തിക–സാമൂഹിക ബന്ധങ്ങളുടെ വളർച്ച എന്നിവയും നിർണായകമാണ്. പരിപാടിയിൽ ആഷ്ഫോർഡ് എം.പി സോജൻ ജോസഫും ഭാര്യ ബ്രിട്ട ജോസഫും പങ്കെടുത്തു. യുകെ മലയാളികളിൽ ഭൂരിപക്ഷം പേരും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നേഴ്സുമാർ മലയാളി സമൂഹത്തിന്റെ സേവനങ്ങൾക്കുള്ള അംഗീകാരമായി മാറിയതിൻ്റെ സത്തോഷത്തിലാണ് യുകെ മലയാളികൾ.











Leave a Reply