ന്യൂസ് ഡെസ്ക്, മലയാളം യുകെ

2035 ഓടെ 81ശതമാനം കാർബൺ എമിഷൻ കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ കാലാവസ്ഥ അനുകൂല നിയമങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ ഡൊണാൾഡ് ട്രംപിന്റെ വീക്ഷണങ്ങളോട് യുകെയ്ക്ക് ആഭിമുഖ്യമില്ലെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

2026 മാർച്ച് വരെ 11 .6 ബില്യൺ പൗണ്ട് ക്ലൈമറ്റ് ഫിനാൻസ് നൽകുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ സർക്കാരിൻറെ തീരുമാനം ലേബർ പാർട്ടിയുടെ സർക്കാർ പിന്തുടരുമോ എന്ന കാര്യത്തിൽ പല സംശയങ്ങളും ഉയർന്നു വന്നിരുന്നു. പുതിയതായി 1300 പ്രാദേശിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കാറ്റാടി വൈദ്യുത പദ്ധതിയിൽ 1 ബില്യൺ പൗണ്ട് നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കാർബൺ എമിഷനെ കുറയ്ക്കാൻ സഹായിക്കുന്നതിനാണ്.

കാർബൺ എമിഷൻ കുറയ്ക്കുന്നതിൽ ലോക രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ കർശന നിർദേശം നൽകിയിരുന്നു. ആഗോളതാപനം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എൻ ഈ നിർദ്ദേശം നൽകിയത്. 2015 – ലെ പാരീസ് ഉടമ്പടിയിൽ 2050 ഓടെ നെറ്റ് സീറോ എമിഷൻ എന്നത് ജി 20 രാജ്യങ്ങൾ അംഗീകരിച്ചിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുകെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു .എന്നാൽ ഈ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ കർശനമായ നയങ്ങൾ ബ്രിട്ടീഷ് ജനതകളെ കഷ്ടതയിലാക്കുമെന്ന് ഷാഡോ എനർജി സെക്രട്ടറി ക്ലെയർ കുട്ടീഞ്ഞോ വിമർശനം ഉന്നയിച്ചിട്ടുണ്ട്.