ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ശമ്പള വർദ്ധനവിനായി ആർഎം റ്റി യൂണിയൻ നടത്തുന്ന പണിമുടക്കിൽ രാജ്യത്തെ ട്രെയിൻ ഗതാഗതം താറുമാറായി. വാരാന്ത്യത്തിലുള്ള സമരം ഒട്ടേറെ യാത്രക്കാരെയാണ് ബാധിച്ചത്. 14 ട്രെയിൻ കമ്പനികളുടെയും സർവീസുകളെ സമരം ബാധിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 14 ട്രെയിൻ കമ്പനികളിൽ ചിലത് പരിമിതമായ സർവീസുകൾ മാത്രം നടത്തി .

ന്യായമായ ശമ്പള വർദ്ധനവിനുള്ള ട്രെയിൻ കമ്പനികൾ മുന്നോട്ട് വച്ച നിർദേശത്തെ ആർഎം റ്റി യൂണിയൻ നിരാകരിച്ചതായാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വാദം. ലിവർപൂളിൽ നടക്കുന്ന ഫൈനൽ മത്സരങ്ങൾ അലങ്കോലപ്പെടുത്താനാണ് ഇന്ന് സമരം ആസൂത്രണം ചെയ്തതെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. എന്നാൽ യൂറോ വിഷൻ ഗാന മത്സരത്തിന്റെ ഫൈനലിനോട് അനുബന്ധിച്ചാണ് പണിമുടക്കെന്ന ആരോപണങ്ങൾ ആർഎം റ്റിയും അസ്ലെഫും നിഷേധിച്ചിട്ടുണ്ട്.

സർവീസുകൾ മുടങ്ങുമെന്ന മുന്നറിയിപ്പ് ട്രെയിൻ കമ്പനികൾ യാത്രക്കാർക്ക് നൽകിയിരുന്നു. പണിമുടക്കിന് ശേഷമുള്ള ദിവസങ്ങളിലും യാത്രാ തടസ്സം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ട്രെയിൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. എന്നാൽ പണിമുടക്ക് തങ്ങളെ ബാധിച്ചിട്ടില്ലെന്നും രാത്രി വൈകിയും സർവീസുകൾ നടത്തുമെന്നും ലിവർപൂളിന് ചുറ്റും ട്രെയിൻ സർവീസുകൾ നടത്തുന്ന മെർസെറെയിൽ അറിയിച്ചിട്ടുണ്ട്. ആരാധകരെ യൂറോ വിഷനിലേയ്ക്ക് എത്തിക്കാൻ ലിവർ പൂളിലേക്ക് 37 അധിക സർവീസുകൾ നടത്തുന്നുണ്ടെന്ന് നാഷണൽ എക്സ്പ്രസ്സ് അറിയിച്ചിട്ടുണ്ട്.