ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തിലേക്ക് ലോകം അതിവേഗം നീങ്ങണമെന്ന ആവശ്യം ഈജിപ്തിൽ ഇന്നാരംഭിച്ച കോപ്പ് 27 സമ്മിറ്റിൽ ലോക നേതാക്കൾക്ക് മുമ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മുന്നോട്ടുവയ്ക്കും. യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തെ തിരുത്തി, ഇന്ന് തന്നെ സുനക് ഈജിപ്തിലേക്ക് യാത്ര തിരിക്കും. തിങ്കളാഴ്ചത്തെ തന്റെ പ്രസംഗത്തിൽ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം പുനരുത്പാദിപ്പിക്കാനാവാത്ത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കും.

ഒരു വർഷം നീണ്ട കാലാവസ്ഥ ദുരന്തങ്ങൾക്കും, റെക്കോർഡ് താപനിലയ്ക്കും ശേഷമാണ് കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ നടക്കുന്നത്. 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് ആഗോള താപനില വർദ്ധനവ് ഉയരുന്നത് തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന കോപ്പ് 26 ഉച്ചകോടിയിൽ നടത്തിയ പ്രതിജ്ഞാബദ്ധതകളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രധാനമന്ത്രി ഷാം എൽ-ഷെയ്‌ഖിൽ ഒത്തുകൂടിയ ലോക നേതാക്കളോട് ആവശ്യപ്പെടും. ഈയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ സുനക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്നും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെ വിഷയം ഉന്നയിക്കുമെന്നും ബിബിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ ലോകം ഒത്തുചേർന്നപ്പോൾ, വിനാശകരമായ ആഗോളതാപനം തടയുന്നതിനുള്ള ചരിത്രപരമായ ഒരു റോഡ്‌മാപ്പ് രാഷ്ട്രങ്ങൾ അംഗീകരിച്ചു. ആ പ്രതിജ്ഞകൾ നമ്മൾ പാലിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് പുറപ്പെടുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സുനക് വ്യക്തമാക്കി.


കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് ഒരു ധാർമ്മിക നന്മ മാത്രമല്ല, അത് നമ്മുടെ ഭാവി സമൃദ്ധിക്കും സുരക്ഷയ്ക്കും അടിസ്ഥാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശവും ഊർജ വിലയിലുണ്ടായ കൃത്രിമമായ ഉയർച്ചയും ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സുനക് വ്യക്തമാക്കി. പുനരുത്പ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിലേക്ക് കൂടുതൽ വേഗത്തിൽ ലോകം നീങ്ങേണ്ടതുണ്ടെന്നും, ഈ ആഗോള യജ്ഞത്തിൽ യുകെ മുൻപന്തിയിലാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 17 ന് ചാൻസലർ ജെറമി ഹണ്ട് നടത്തുന്ന സാമ്പത്തിക പ്രസ്താവനയ്ക്ക് മുന്നോടിയായി പൊതു ധനകാര്യത്തിലുണ്ടായിരിക്കുന്ന 50 ബില്യൺ പൗണ്ടിന്റെ കുറവ് പരിഹരിക്കുക എന്നതാണ് തന്റെ മുൻഗണനയെന്ന് വാദിച്ചുകൊണ്ട് താൻ ഈജിപ്തിലേക്ക് പോകില്ലെന്ന് സുനക് ആദ്യം വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന സുനക്കിന്റെ ആദ്യ തീരുമാനത്തെ കാലാവസ്ഥാ പ്രചാരകരും, പ്രതിപക്ഷ പാർട്ടികളും കോപ്പ് 26 പ്രസിഡന്റും സഹപ്രവർത്തകനുമായ അലോക് ശർമ്മയും വ്യാപകമായി വിമർശിച്ചിരുന്നു.