സ്വന്തം ലേഖകൻ
കൊറോണവൈറസ് മഹാമാരിയിലൂടെ രാജ്യത്തിനേറ്റ കനത്ത സാമ്പത്തിക പ്രഹരം മറികടക്കാൻ മികച്ച പ്ലാനുകളുമായി പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു. വെസ്റ്റ് മിഡ് ലാൻഡ്സിൽ സംസാരിക്കവേയാണ് കൊറോണ നൽകിയ ആഘാതങ്ങളെ, രാജ്യത്ത് ഇതുവരെ അഭിസംബോധന ചെയ്തിട്ടില്ലാത്ത പ്രശ്നങ്ങളെ കൂടി പരിഗണിച്ച് പരിഹരിക്കാൻ ശ്രമിക്കും എന്ന് ജോൺസൺ ഉറപ്പ് നൽകിയത്. 5 ബില്യണോളം പൗണ്ട് അടിസ്ഥാന സൗകര്യങ്ങൾക്ക് വകയിരുത്തികൊണ്ടാണ് ‘പുതിയ ഇടപാടിന് തുടക്കം കുറിച്ചിരിക്കുന്നത്.
പ്രധാന ജി 7 വ്യാവസായിക രാഷ്ട്രങ്ങളിൽ കൊറോണ വൈറസ് ഏറ്റവുമധികം ആഘാതം ഏൽപ്പിച്ചത് ബ്രിട്ടനെ ആണെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിനും അടിസ്ഥാന സൗകര്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ചുവടുവെപ്പിൽ ‘ബിൽഡ്, ബിൽഡ്, ബിൽഡ് ‘ എന്നതായിരിക്കും സമവാക്യം. ഡിപ്രെഷൻ ഏറയിലെ അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിനെ പോലെ പുതിയ നയങ്ങളിലൂടെ മാത്രമേ രാജ്യത്തെ പുനർനിർമ്മിക്കാൻ സാധ്യമാകൂ. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ജനങ്ങളെ ചേർത്ത് പിടിക്കുന്നത് ആവണം സർക്കാർ എന്നാണ് ജോൺസൺന്റെ അഭിപ്രായം. 1929 ലെ വോൾ സ്ട്രീറ്റ് ക്രഷിനുശേഷം ഏറ്റവും ബൃഹത്തും ചെലവേറിയതുമായ നയങ്ങളാണ് റൂസ്‌വെൽറ്റ് കൊണ്ടുവന്നത്, സ്കൂളുകൾ ഡാമുകൾ ആശുപത്രികൾ എന്നിവ നിർമ്മിക്കുന്നതിന് ആണ് അന്ന് അദ്ദേഹം പ്രാധാന്യം നൽകിയത്.
കൊറോണവൈറസ് നൽകിയ കനത്ത പ്രഹരത്തെ, കൂടുതൽ പാർപ്പിടങ്ങൾ നിർമ്മിക്കാനും, എൻ എച്ച് എസ് സേവനങ്ങളെ മികവുറ്റതാക്കാനും, നൈപുണ്യം വേണ്ട മേഖലകളെ ശക്തിപ്പെടുത്താനും, കൂടുതൽ ഉത്പാദന ശേഷിയും, അവസരങ്ങളും, നിർമ്മിക്കാനുമുള്ള അവസരമായി ഉപയോഗിക്കും. രാജ്യത്തിന്റെ പലഭാഗങ്ങളും വർഷങ്ങളായി, ശ്രദ്ധിക്കപ്പെടാതെ കൂടുതൽ വികസനങ്ങൾ എത്താതെ മുരടിച്ച രീതിയിൽ കഴിയുന്നുണ്ട്, അതിനു മാറ്റം വരുമെന്ന് തീർച്ചയാണ്. രാജ്യത്ത് ഒരു മാറ്റം കൊണ്ടു വരണം എന്നു മാത്രമല്ല ഐക്യവും വളർച്ചയും ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനം ആവും ഇനി നടക്കുക. റോഡുകൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, നഗരവികസനം എന്നിവയിലേക്കാണ് പ്രധാനമായും തുക വകയിരുത്തിയിരിക്കുന്നത്. സ് കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കും. രാജ്യം ഏറ്റവും മോശം സാമ്പത്തിക അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നതെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം എന്നും ലേബേഴ്സ് ഷാഡോ ചാൻസിലർ ആനിലിസി ഡോട്സ് പ്രതികരിച്ചു.
Leave a Reply