അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്. ചെറിയ രോഗലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവുപോലെ തന്നെ അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.
ഡച്ചസ് 72 – കാരിയായ കാമിലയ്ക്ക് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇപ്പോൾ ദമ്പതികൾ രാജകുമാരന്റെ സ്കോട്ട് ലാൻഡിൽ ഉള്ള ഭവനത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. അബർഡീൻ ഷെയറിലെ എൻഎച്ച് എസ്സിൽ ആണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ കുറെ ആഴ്ചകളിലായി രാജകുമാരൻ ധാരാളം ആളുകളുമായി ഇടപഴകിയതിനാൽ രോഗം ആരിൽ നിന്നാണ് പടർന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ച മൊണോക്കോയിലെ ആൽബർട്ട് രാജകുമാരനുമായി ഈ മാസം ആദ്യം ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച് 12 നാണ് ചാൾസ് രാജകുമാരൻ അവസാനമായി രാജ്ഞിയെ സന്ദർശിച്ചതെന്നും രാജ്ഞി ആരോഗ്യവതിയാണെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
Leave a Reply