ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ മരണത്തിൽ തന്റെയും തന്റെ കുടുംബത്തിന്റെയും വേദന രേഖപ്പെടുത്തി മകൻ ആയിരിക്കുന്ന ചാൾസ് രാജകുമാരൻ. വളരെ സ്നേഹനിധിയായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചാൾസ് രാജകുമാരൻ ഓർമിച്ചു. ഫിലിപ്പ് രാജകുമാരൻ തന്റെ കുടുംബത്തിനും, കുടുംബാംഗങ്ങൾക്കും, സമൂഹത്തിനും, രാജ്യത്തിനും, കോമൺവെൽത്തിനു മൊത്തമായി ചെയ്ത സേവനങ്ങൾ വളരെ നിർണായകമാണെന്ന് ചാൾസ് രാജകുമാരൻ രേഖപ്പെടുത്തി. തന്റെ പിതാവിനെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്ന് ചാൾസ് രാജകുമാരൻ മാധ്യമങ്ങളോട് പറഞ്ഞു.
മരണക്കിടക്കയിൽ ഫിലിപ്പ് രാജകുമാരൻ തന്റെ മകനായ ചാൾസ് രാജകുമാരന് രാജകുടുംബം മുന്നോട്ടു നയിക്കാനുള്ള ഉപദേശങ്ങൾ നൽകി എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തുടക്കത്തിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവസാന നാളുകളിൽ ഇരുവരും വളരെ നല്ലൊരു ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഇരുവരും തമ്മിൽ തുടർച്ചയായ ഫോൺ സംഭാഷണങ്ങൾ ഉണ്ടായിരുന്നതായും, തന്റെ മകന് അവസാനനാളുകളിൽ ആവശ്യമായ എല്ലാ ഉപദേശങ്ങളും ഫിലിപ്പ് രാജകുമാരൻ നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തന്റെ പിതാവ് തനിക്ക് വളരെ പ്രത്യേകതയുള്ളവനായിരുന്നു എന്ന് ചാൾസ് രാജകുമാരനും അനുസ്മരിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
മരണാനന്തര ചടങ്ങുകൾ നടക്കുന്ന ശനിയാഴ്ച മൂന്ന് മണിക്ക് രാജ്യമെമ്പാടും ഒരു മിനിറ്റ് നിശബ്ദത ആചരിക്കും. ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനസൂചകമായാണ് ഇത്. 8 ദിവസം ദുഃഖാചരണവും ഉണ്ട്.
Leave a Reply