സ്വന്തം ലേഖകൻ

യു കെ :- ലോകമഹായുദ്ധങ്ങളിൽ തങ്ങളുടെ ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമ്മ പുതുക്കുന്ന ഞായറാഴ്ച, ഹാരി രാജകുമാരനും ഭാര്യ മേഗനും ലോസ് അഞ്ചൽസിലെ സെമിത്തേരിയിൽ സന്ദർശനം നടത്തി. ഇവർ ഇരുവരും സ്വന്തം നിലയ്ക്കാണ് സന്ദർശനം നടത്തിയത്. റോയൽ ഓസ്ട്രേലിയൻ എയർഫോഴ്സിലെ സൈനികർക്ക് വേണ്ടിയുള്ള കല്ലറയിലും, റോയൽ കനേഡിയൻ ആർട്ടിലറിയുടെ കല്ലറയിലും ഇരുവരും റീത്ത് സമർപ്പിച്ചു. പത്ത് വർഷം മിലിറ്ററി സർവീസിൽ ഉണ്ടായിരുന്ന ഹാരി, തന്റെ ഔദ്യോഗിക നേവി യൂണിഫോമിൽ ആണ് സന്ദർശനത്തിന് എത്തിയത്. മാസ്ക് ധരിച്ചാണ് ഇരുവരും എത്തിയതെങ്കിലും, കല്ലറകൾക്ക് അടുത്തെത്തിയപ്പോൾ മാസ്ക് മാറ്റിയിരുന്നു.


ഔദ്യോഗികമായ റീത്ത് സമർപ്പിക്കുവാൻ രാജകുടുംബം ഹാരി രാജകുമാരന് അനുമതി നൽകിയിരുന്നില്ല. മാർച്ചോടുകൂടി രാജകുടുംബാംഗം എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാനുള്ള പ്രധാന കാരണം എന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. ഇതിനെ തുടർന്നാണ് ഇരുവരും തങ്ങളുടെ നിലയ്ക്ക് കല്ലറകളിൽ സന്ദർശനം നടത്തിയത്.


സൈനികരുടെ ഓർമ്മ പുതുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അതിനുശേഷം നടന്ന മിലിറ്ററി ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കി.തങ്ങളുടെ ജീവൻ പോലും നഷ്ടമാക്കി രാജ്യത്തിനു വേണ്ടി പോരാടിയ സൈനികരുടെ ഓർമ്മകൾ എന്നും നിലനിർത്തപെടേണ്ടതാണ്. മിലിട്ടറി സേവനത്തിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായ തന്റെ അനുഭവങ്ങളും ഹാരി രാജകുമാരൻ പങ്കുവെച്ചു.