മലയാളം യുകെ ന്യൂസ് ബ്യുറോ

ഹെയ്ത്രോ വിമാനത്താവളം വേനലവധിയോടുകൂടി അടച്ചു പൂട്ടാനുള്ള സാധ്യത ഏറെ എന്ന് റിപ്പോർട്ടുകൾ. നാലായിരത്തോളം ജീവനക്കാരുടെ സമരം മൂലമാണ് വിമാനത്താവളം അടച്ചുപൂട്ടൽ ഭീഷണിയിൽ നിൽക്കുന്നത്. വേതന വർദ്ധനവിനെ സംബന്ധിക്കുന്ന തർക്കങ്ങൾ ജീവനക്കാരുടെയും അധികൃതരുടെയും ഇടയിൽ നടന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ എല്ലാമേഖലകളിലെയും ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ജൂലൈ 26, 27, ഓഗസ്റ്റ് മാസം 5,6, 23, 24 തുടങ്ങിയ തീയതികളിലാണ് സമരം നടത്താൻ ഉള്ള ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത്തരമൊരു സമരപ്രഖ്യാപനം വേനൽക്കാലത്തെ യാത്രയെ ബാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

വിമാനത്താവളം ശരിയായ രീതിയിൽ നടത്തി കൊണ്ടുപോകേണ്ട ജീവനക്കാരുടെ ഇടയിലെ സമരം, വിമാനത്താവളത്തെ വളരെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് യൂണിയൻ റീജിയണൽ കോർഡിനേറ്റിംഗ് ഓഫീസർ വെയ്ൻ കിങ് രേഖപ്പെടുത്തി. ഇത്തരമൊരു അപ്രതീക്ഷിത സംഭവത്തെ നേരിടാൻ വിമാനത്താവളം പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വേതന വർദ്ധനവിനെ സംബന്ധിക്കുന്ന ചർച്ചയ്ക്കായി യൂണിയൻ നേതാക്കളെ എയർപോർട്ട് അധികൃതർ ക്ഷണിച്ചിട്ടുണ്ട്. ഇപ്പോൾ 3.75 പൗണ്ടാണ് ഏറ്റവും കുറഞ്ഞ ദിവസവേതനം. ഇത് 4.6 ശതമാനം വരെ വർധിപ്പിക്കുമെന്ന ഉറപ്പ് എയർപോർട്ട് അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏറ്റവും കുറവ് ദിവസവേതനം ലഭിക്കുന്നവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് അവർ പറഞ്ഞു. സമരം ഒത്തുതീർക്കാനുള്ള എല്ലാ നടപടികളും എയർപോർട്ട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.