ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. മ്യൂസിയത്തില്‍ ഏറെ ആളുകള്‍ കാണാന്‍ താല്‍പര്യപ്പെടുന്ന പ്രതിമകളായിരുന്നു ഹാരി രാജകുമാരനും മേഗനുമെന്ന് മാനേജര്‍ സ്റ്റീവ് ഡേവിസ് ബിബിസിയോട് പ്രതികരിച്ചു.
ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ സ്റ്റീവ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളിൽ നിന്ന് പിൻമാറുകയാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചത്. വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്നും ദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന.
മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്. സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളിൽ വ്യക്തി ജീവിത വിവരങ്ങൾ വരുന്നതിലും ഇരുവരും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് ദമ്പതികള്‍ പ്രസ്താവനയില്‍ പറയുന്നു. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ്. ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്‍റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. ആറ് ആഴ്ചയോളം ക്രിസ്തുമസ് ആഘോഷങ്ങളുമായി കാനഡയില്‍ മേഗന്‍റെ മാതാവിനോടൊപ്പം ചെലവിട്ടതിന് ശേഷമാണ് ദമ്പതികളുടെ പ്രഖ്യാപനം. വിവാഹവും മകന്‍റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. രാജകുടുംബത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ക്രിസ്തുമസ് ആഘോഷങ്ങളിലും ദമ്പതികള്‍ പങ്കെടുത്തിരുന്നില്ല.
കിരീടാവകാശത്തില്‍ ആറാമതാണ് ഹാരിയുടെ സ്ഥാനം. നേരത്തെ സഹോദരന്‍ വില്യവുമായുള്ള ബന്ധം നേരത്തെയുള്ളത് പോലെയല്ലെന്നും സഹോദരന്‍റേത് മറ്റൊരു മാര്‍ഗമാണെന്നും ഹാരി നേരത്തെ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്‍റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.
Leave a Reply