ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- സുരക്ഷാ കാരണങ്ങളാൽ ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുവാൻ വിസമ്മതിച്ചതിനെ തുടർന്ന്, ചാൾസ് രാജാവ് പേരക്കുട്ടികളായ ആർച്ചിയോടും , ലില്ലിബെത്തിനോടും ഇനി ഒന്നിക്കാനിടയില്ലെന്ന വാർത്തകളാണ് ഇപ്പോൾ യുകെയിൽ സജീവമായിരിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ആരെങ്കിലും ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന ഭയമുള്ളതിനാൽ, ഭാര്യ മേഗനൊപ്പം ബ്രിട്ടനിലേക്ക് പോകില്ലെന്ന് സസെക്സ് ഡ്യൂക്കായ ഹാരി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഒരു സങ്കടകരമായ സാഹചര്യത്തിൽ രാജാവ് കുട്ടികളിൽ നിന്ന് കൂടുതൽ അകലുന്ന സാഹചര്യമാണ് ഉളവാകുന്നതെന്ന് അടുത്ത രാജകുടുംബത്തോട് അടുപ്പമുള്ളവർ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കായി 2022 ജൂണിൽ മേഗനും കുട്ടികളും എത്തിയപ്പോഴായിരുന്നു ചാൾസ് രാജാവ് അവരെ അവസാനമായി കണ്ടത്. എന്നാൽ പിന്നീട് പലതവണ ഹാരി രാജകുമാരൻ സർക്കാരുമായുള്ള നിയമ പോരാട്ടത്തിന്റെ ആവശ്യങ്ങൾക്കായി ബ്രിട്ടനിൽ എത്തിയിരുന്നെങ്കിലും, ഭാര്യയും കുട്ടികളും ഒപ്പം ഉണ്ടായിരുന്നില്ല.
ഐറ്റിവിക്കു നൽകിയ അഭിമുഖത്തിലാണ് ഹാരി രാജകുമാരൻ തന്റെ കുടുംബത്തെ ഇനി ബ്രിട്ടനിലേക്ക് കൊണ്ടുപോവുകയില്ലെന്ന് വ്യക്തമാക്കിയത്. തൻ്റെ പിതാവിൻ്റെയും വെയിൽസ് രാജകുമാരിയുടെയും അടുത്തിടെയുള്ള ക്യാൻസർ രോഗനിർണയം, മാധ്യമങ്ങൾക്കെതിരായ ഹാരിയുടെ നിയമപോരാട്ടങ്ങൾ പുനഃപരിശോധിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചോ എന്ന് ചോദിച്ചപ്പോൾ, അവ തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ് എന്നായിരുന്നു രാജകുമാരൻ്റെ മറുപടി. തന്റെ കുടുംബവുമായുള്ള ബന്ധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന കാരണം മാധ്യമങ്ങൾക്കെതിരെയുള്ള ഈ നിയമ പോരാട്ടം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ നിലനിൽക്കുമ്പോഴും രാജാവിനെ തന്റെ പേരക്കുട്ടികളെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലെന്ന സങ്കടകരമായ വസ്തുതയും നിലനിൽക്കുന്നു.
Leave a Reply