സണ്‍, ഡെയ്ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബ്രട്ടീഷ് രാജകുടംബാംഗം ഹാരി രാജകുമാരന്‍. ഫോണ്‍ ഹാക്കിംഗ് നടത്തിയെന്ന് ആരോപിച്ചാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഹാരിയുടെ ഭാര്യ മേഗനെതിരെ നടത്തിയ ശക്തമായ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനം. വോയ്സ്മെയില്‍ സന്ദേശങ്ങളിലേക്ക് നിയമവിരുദ്ധമായി കൈകടത്തിയെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
ഹാരിയും സഹോദരന്‍ വില്യം രാജകുമാരനും കഴിഞ്ഞ ദശകത്തില്‍ ഹാക്കിംഗ് ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു. ടാബ്ലോയിഡ് ജേണലിസ്റ്റുകള്‍ പതിവായി സ്റ്റോറികള്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ വോയ്സ്മെയിലുകള്‍ ആക്സസ്സുചെയ്യുന്നത് ഒരു ചരിത്ര സംഭവമാണ്. മേഗന്‍ വേറെയൊരു നിയമനടപടിക്കുകൂടെ ഒരുങ്ങുന്നുണ്ട്. തന്റെ പിതാവിനയച്ച കത്ത് ചോര്‍ത്തി പ്രസിദ്ധീകരിച്ചുകൊണ്ട് തന്റെ സ്വകാര്യത ലംഘിച്ചുവെന്നും പകര്‍പ്പവകാശ ലംഘനം നടത്തിയെന്നുമാണ് അവരുടെ ആരോപണം.
നിയമനടപടികളുടെ ആദ്യപടിയാണ് ഇപ്പോള്‍ നടക്കുന്നത്. കോടതിയില്‍ പേപ്പറുകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ നടപടികളുമായി മുന്നോട്ട് പോകണോ എന്നു തീരുമാനിക്കാന്‍ വാദിഭാഗത്തിന് നാലുമാസം സമയം ലഭിക്കും. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നാണ് കൊട്ടാര ദമ്പതികളുടെ നടപടികള്‍ വ്യക്തമാക്കുന്നത്. ‘അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തികള്‍ക്കെതിരെ പ്രചാരണം നടത്തുകയാണ്’ ചില മാധ്യമങ്ങളെന്ന് ഹാരി ആരോപിച്ചു.
വസ്തുനിഷ്ഠവും സത്യസന്ധവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നു പറഞ്ഞ ഹാരി വളരെ വൈകാരികമായി ‘ആദ്യം എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു, ഇപ്പോള്‍ എന്റെ ഭാര്യയും അതേ ശക്തികള്‍ക്ക് ഇരയാകുന്നത് ഞാന്‍ കാണുന്നു’ എന്നും പറഞ്ഞു. ഹാരിയുടെ മാതാവ് ഡയാന രാജകുമാരി മരണപ്പെട്ട കാറപകടം സംഭവിച്ചത് പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നുവെന്ന് ഒരു വാദമുണ്ട്.
ഹാരിയും ടാബ്ലോയിഡ് പ്രസ്സും തമ്മിലുള്ള ശത്രുത മേഗനുമായുള്ള ബന്ധം ആരംഭിച്ചതുമുതല്‍ തുടങ്ങിയതാണ്. ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീണപ്പോള്‍ റിപ്പോര്‍ട്ടിംഗില്‍ ഉണ്ടായ ‘വംശീയ പരാമര്‍ശങ്ങളെ’ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിംഗിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്.
Leave a Reply